പാലക്കാട്: പട്ടാമ്പി കീഴായൂരില്‍ ജപ്തി ഭീഷണിക്കിടെ വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തതില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പട്ടാമ്പി പൊലീസ്. ആത്മഹത്യ ചെയ്ത കിഴക്കേ പുരക്കല്‍ വീട്ടില്‍ ജയയുടെ ബാങ്ക് അക്കൗണ്ടുകള്‍ വിശദമായി പരിശോധിക്കും. ജപ്തി നടപടികള്‍ക്ക് മുമ്പ് മുന്നറിയിപ്പും മതിയായ സാവകാശവും നല്‍കിയിരുന്നുവെന്ന ഷൊർണൂർ കോപ്പറേറ്റീവ് അർബൻ ബാങ്ക് അധികൃതരുടെ വിശദീകരണവും പൊലീസ് അന്വേഷണത്തിന്റെ ഭാഗമാക്കും.
തീ കൊളുത്തി മരിച്ച ജയയുടെ ബന്ധുക്കളില്‍ നിന്നും പട്ടാമ്പി പൊലീസ് പ്രാഥമിക മൊഴി രേഖപ്പെടുത്തി. തൃശൂർ മെഡിക്കല്‍ കോളജ് മോർച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള ജയയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും. ഇന്നലെ രാവിലെയാണ് 2015ലെ വായ്പാ കുടിശികയത്തെടുർന്ന് കോടതി ഉത്തരവ് പ്രകാരം ഷൊർണൂർ കോപ്പറേറ്റീവ് അർബൻ ബാങ്ക് ഉദ്യോഗസ്ഥർ ജയയുടെ വീട് ജപ്തി ചെയ്യുന്നതിനായി എത്തിയത്. ഉദ്യോഗസ്ഥരെ കണ്ടതിന് പിന്നാലെ ജയ മണ്ണെണ്ണ ശരീരത്തില്‍ സ്വയം ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
80 ശതമാനം പൊള്ളലേറ്റ ജയയെ തൃശൂർ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കേ ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. ഷൊർണൂർ സഹകരണ അർബൻ ബാങ്ക് നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. ഇന്നലെ വൈകീട്ട് ബാങ്കിന്റെ പട്ടാമ്പി ശാഖയിലേക്ക് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇന്ന് മുസ്ലിം യൂത്ത് ലീഗ് ബാങ്കിന് മുന്നിലേക്ക് പ്രതിഷേധം സംഘടിപ്പിക്കും.