കുറവിലങ്ങാട് : റബറിന് വിലയിടിഞ്ഞ് കര്‍ഷകര്‍ ദുരിതത്തിലായിരിക്കുന്ന സമയത്ത് മലഞ്ചരക്ക് വ്യാപാരത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് തോട്ടപ്പയര്‍. ആരും തിരിഞ്ഞു നോക്കാതെ നിന്ന തോട്ടപ്പയറിപ്പോള്‍ കടകളിൽ റബ്ബർ ഷീറ്റിനേക്കാൾ വലിയ താരമാണ്. റബറിന്റെ തലപ്പൊക്കത്തിൽ നിലം പറ്റി നിന്നിരുന്ന തോട്ടപ്പയറിനെ അങ്ങനെ അധികമാരും ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ റബറിന് ഇടവിളയായി വളർത്തിയിരുന്ന തോട്ടപയറിനെ പ്രധാന കൃഷിയാക്കി റബറിനെ ഇടവിളയാക്കണമോ എന്ന ആലോചനയിലാണ് കര്‍ഷകര്‍.
കിലോയ്ക്ക് 1200 രൂപയാണ് തോട്ടപ്പയറിന്‍റെ നിലവിലെ വിപണിവില. കിലോയ്ക്ക് 400 രൂപ ഉണ്ടായിരുന്ന പയറിന് രണ്ടുമാസം കൊണ്ടാണ് വില കുതിച്ചു കയറിയത്. വിദേശത്തേക്ക് കയറ്റി അയക്കുന്ന പയർ വിത്ത് എന്തിന് ഉപയോഗിക്കുന്നു എന്നത് വ്യാപാരികൾക്കോ കർഷകർക്കൊ അറിയില്ല. മലേഷ്യ, സിംഗപ്പൂർ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലെ തോട്ടങ്ങളിൽ റബറിന് തണുപ്പ് കിട്ടാൻ ഇവ പാകി വളർത്തുകയാണെന്നാണ് കൃഷി വകുപ്പിലെ ചില ഉദ്യോഗസ്ഥർ പറയുന്നത്.