മലയാള സിനിമ അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ സര്‍പ്രൈസ് ഹിറ്റാണ് ആര്‍ഡിഎക്സ്. ഓണക്കാലത്ത് വമ്പൻ ചിത്രങ്ങളോടൊപ്പം മത്സരിച്ചെത്തിയ ആര്‍ഡിഎക്സ് കേരള ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് നേട്ടമാണ് സ്വന്തമാക്കിയത്.ഇപ്പോള്‍ ഓടിടിയിലും സ്ട്രീമിംഗ് ആരംഭിച്ച ചിത്രത്തിന് ഇന്ത്യയൊട്ടാകെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ ഷെയ്ൻ നിഗം, ആന്റണി പെപ്പെ, നീരജ് മാധവ്, ബാബു ആന്റണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
മാസ് പ്രകടനങ്ങള്‍ കൊണ്ട് ഇവര്‍ നിറഞ്ഞാടിയ ചിത്രമാണെങ്കിലും സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചത് വില്ലനായി അഴിഞ്ഞാടിയ വിഷ്ണു അഗസ്ത്യയെ കുറിച്ചാണ്. കരിക്കിന്റെ വെബ് സീരീസുകളിലൂടെയും ഏതാനും ഹ്രസ്വചിത്രങ്ങളിലൂടെയും പ്രേക്ഷകര്‍ക്ക് നേരത്തെ തന്നെ പരിചിതനാണ് വിഷ്ണു അഗാസ്ത്യ. എന്നാല്‍ അതില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തനായ ഒരാളായാണ് വിഷ്ണുവിനെ ചിത്രത്തില്‍ കണ്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പോള്‍സണ്‍ എന്ന കഥാപാത്രമായാണ് വിഷ്ണു ചിത്രത്തില്‍ അഭിനയിച്ചത്. ഇപ്പോഴിതാ ആര്‍ഡിഎക്‌സില്‍ അഭിനയിച്ച അനുഭവവും വില്ലനാകാൻ എടുത്ത തയ്യാറെടുപ്പുകളെ കുറിച്ചും പറയുകയാണ് വിഷ്ണു. വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടൻ. ആര്‍ഡിഎക്‌സിലേക്ക് അവസരം ലഭിച്ചപ്പോള്‍ സ്വപ്നം സത്യമായതു പോലെ തോന്നിയെന്ന് വിഷ്ണു പറയുന്നു. ഷെയ്ൻ, പെപ്പെ നീരജ്, ബാബു ആന്റണി തുടങ്ങിയവര്‍ക്കൊപ്പം അടിച്ചു നില്‍ക്കാനായത് ആ ടീമിന്റെ സപ്പോര്‍ട്ട് കൊണ്ടാണെന്നും നടൻ പറഞ്ഞു.
ഒരു സുപ്രധാന രംഗത്തില്‍ പെപ്പെയുടെ തലയില്‍ ചെടിച്ചട്ടി അടിച്ചു പൊട്ടിക്കണം. ചട്ടി കയ്യിലെടുത്തതും പെപ്പെ ഒറ്റ ഡയലോഗ്, ധൈര്യമായി അടിച്ചോ ടേക് ഓക്കെ ആയില്ലെങ്കില്‍ വീണ്ടും അടിക്കേണ്ടി വരുമെന്ന്. പിന്നെ ഒന്നും നോക്കിയില്ല, ഒറ്റയടിക്ക് ടേക് ഓക്കെ. സിനിമ കണ്ടവരുടെ ഉള്ളില്‍ കൊടും വില്ലനായി എന്നെ പ്രതിഷ്ഠിച്ചതില്‍ ആ രംഗത്തിനു വലിയ പ്രാധാന്യമുണ്ട് അത്ര ഭയാനകവും ഭീകരവുമായിരുന്നു അത്. തിയേറ്ററിലിരുന്ന് സിനിമ കണ്ടിട്ട് എന്റെ സ്വന്തം അമ്മ പോലും ചോദിച്ചു, ‘നീ എന്തൊരു ദുഷ്ടനാ മോനേ’ എന്ന്, വിഷ്ണു അഗസ്ത്യ പറയുന്നു.
‘ആര്‍ഡിഎക്സിലെ വില്ലൻ വേഷത്തിലേക്കു പരിഗണിക്കാനായി ചെല്ലുമ്ബോള്‍ താടി നീട്ടിയ ലൂക്ക് ആയിരുന്നു. ആ കൂടിക്കാഴ്ചയില്‍ തന്നെ മെലിഞ്ഞൊരാളാണു സംവിധായകന്റെ മനസ്സിലെന്നു തോന്നി. രണ്ടാഴ്ച കൊണ്ടു ഭാരം ആറു കിലോ കുറച്ചു. അടുത്ത കൂടിക്കാഴ്ചയില്‍ കഥാപാത്രത്തിന്റെ കണ്ണിന്റെ പ്രത്യേകതയെ കുറിച്ചൊക്കെ അദ്ദേഹം പറഞ്ഞു’,
‘അതോടെ പ്രതീക്ഷ കൂടി രണ്ടു ദിവസത്തിനുള്ളില്‍ ഞാൻ തന്നെയാണ് പോള്‍സണ്‍ എന്ന് സംവിധായകന്റെയും നിര്‍മാതാവ് സോഫിയ പോളിന്റെയും ഉറപ്പു കിട്ടി. പിന്നാലെ 76 കിലോയില്‍ നിന്ന് 62 കിലോയായി ഭാരം കുറച്ചു. ആദ്യം ഷൂട്ട് ചെയ്തത് പുതിയ കാലത്തെ ലുക്ക് ആണ്. ഫ്ലാഷ്ബാക്കിലെ പോള്‍സണ്‍ ആകാൻ വേണ്ടി ക്ലീൻ ഷേവ് ചെയ്തു. ഇപ്പോള്‍ ലുക്കും ലക്കും മാറി’, വില്ലനാകാൻ എടുത്ത തയ്യാറെടുപ്പുകളെ കുറിച്ച് വിഷ്ണു വാചാലനായി.
ആളൊരുക്കം എന്ന സിനിമയിലൂടെയാണ് വിഷ്ണു അഗസ്ത്യ സിനിമയിലേക്ക് എത്തുന്നത്. തുടര്‍ന്ന് മറഡോണ, ഇര, കുപ്രസിദ്ധ പയ്യൻ, ഫ്രീഡം ഫൈറ്റ്, ഓ ബേബി തുടങ്ങിയ സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ വിഷ്ണു അഭിനയിച്ചു. എന്നാല്‍ കരിക്കിന്റെ ആവറേജ് അമ്ബിളി എന്ന വെബ് സീരീസാണ് വിഷ്ണുവിന് വലിയ ശ്രദ്ധ നേടിക്കൊടുത്തത്. അതിനിടെ ചെയ്ത ഏതാനും ഹ്രസ്വ ചിത്രങ്ങളും സീരീസുകളും ശ്രദ്ധനേടുകയും ചെയ്തിരുന്നു. നിലവില്‍ പുരുഷപ്രേതത്തിനു ശേഷം കൃഷാന്ത് സംവിധാനം ചെയ്യുന്ന സിനിമയിലാണ് വിഷ്ണു അഭിനയിക്കുന്നത്.