മലപ്പുറം: അമിത വില ഈടാക്കല്‍, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനായി
പെരിന്തല്‍മണ്ണയിലെ സൂപ്പർ മാർക്കറ്റുകളിലും പലചരക്ക്, പച്ചക്കറി കടകളിലും ഇൻഡോർ മാർക്കറ്റിലെ കച്ചവട സ്ഥാപനങ്ങളിലും സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. പെരിന്തല്‍മണ്ണ സബ് കലക്ടറുടെ നിർദേശാനുസരണമായിരുന്നു പരിശോധന.
ചട്ടലംഘനം നടത്തിയ വ്യാപാരികള്‍ക്ക് നോട്ടിസ് നല്‍കി. തിങ്കളാഴ്ച രാവിലെ പത്തിനാണ് പരിശോധന ആരംഭിച്ചത്. നടപടിക്രമങ്ങള്‍ പാലിക്കാൻ നിർദേശങ്ങള്‍ നല്‍കി. 15 ഓളം കടകളില്‍ പരിശോധന നടത്തിയെന്നും പലചരക്ക്, പഴം, മത്സ്യം കടകളില്‍ പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. വിലനിലവാരം പ്രദർശിപ്പിക്കാതെ വിലകൂട്ടി വില്‍ക്കുന്നത് സംബന്ധിച്ചും പരാതികളും പരിശോധിച്ചു. താലൂക്ക് സപ്ലൈ ഓഫിസർ വി.അബ്ദു, റേഷനിങ് ഇൻസ്‌പെക്ടർമാരായ കെ.സി. സഹദേവൻ, ടി.എ. രജീഷ്‌കുമാർ, ജി.കെ. ഷീന എന്നിവരാണുണ്ടായിരുന്നത്.