പെരിയ ഇരട്ടക്കൊലക്കേസ്; 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ ഒന്ന് മുതല്‍ എട്ട് വരെ പ്രതികളടക്കം 14 പേരെ കോടതി കുറ്റക്കാരായി കണ്ടെത്തി. പത്ത് പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞു. ഉദുമ മുൻ എംഎല്‍എ കെവി കുഞ്ഞിരാമനും കുറ്റക്കാരനാണെന്ന് സിബിഐ കോടതി വിധിയില്‍ വ്യക്തമാക്കി.

Advertisements

ശിക്ഷിക്കപ്പെട്ട 14 പേരില്‍ ആറ് പേർ സിപിഎമ്മിന്റെ പ്രധാന നേതാക്കളാണ്. കൊലപാതകത്തിൻറെ മുഖ്യ ആസൂത്രകൻ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി മുൻ അംഗം എ പീതാംബരൻ, കൊലപാതകം കൃത്യം നടത്തിയ സജി സി. ജോര്‍ജ് (സജി), കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍ (അബു), ജിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി) എന്നിവർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. ഒൻപതാം പ്രതി എ മുരളി, ടി. രഞ്ജിത്ത്, കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്), എ. സുരേന്ദ്രന്‍ (വിഷ്ണു സുര), കെ.വി. കുഞ്ഞിരാമന്‍ (ഉദുമ മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെ. വി. ഭാസ്കരൻ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റുള്ളവർ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എറണാകുളം സിബിഐ കോടതി ജഡ്‌ജ് എൻ. ശേഷാദ്രിനാഥനാണ് വിധി പ്രസ്താവിച്ചത്. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനേയും ശരത് ലാലിനേയും വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഉത്തരവ്. കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ വിവിധ കുറ്റങ്ങളാണ് ഒന്ന് മുതല്‍ 24 വരെയുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയത്. 2019 ഫെബ്രുവരി 17നാണ് കൃപേഷിനേയും ശരത് ലാലിനേയും എട്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ തൊട്ടടുത്ത ദിവസം തന്നെ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ പിതാംബരനെയും സുഹൃത്തും സഹായിയുമായ സി ജെ സജിയെയും അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ കേസ് ക്രൈം ബ്രാഞ്ചിന് വിട്ട് സർക്കാർ ഉത്തരവിറക്കി.

എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ അസംതൃപ്തരായിരുന്ന കൃപേഷിന്‍റെയും ശരത് ലാലിന്‍റേയും മാതാപിതാക്കള്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. കേസ് അന്വേഷണവുമായി മുന്നോട്ട് പോയ ക്രൈം ബ്രാഞ്ച് 2019 മെയ് 14ന് സിപിഎം ഉദുമ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ കെ മണികണ്ഠൻ, പെരിയ ലോക്കല്‍ സെക്രട്ടറി എൻ ബാലകൃഷ്ണൻ എന്നിവരെ അറസ്റ്റ് ചെയ്തു. മെയ് 20ന് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചപ്പോള്‍ ആകെ 14 പ്രതികളായിരുന്നു കേസില്‍ ഉണ്ടായിരുന്നത്. 2019 സെപ്റ്റംബർ 30 ന് കേസന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടതോടെ സംസ്ഥാന സർക്കാ‍ർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. സർക്കാരിൻ്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇതിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചു.

പക്ഷെ അവിടെയും അന്വേഷണം സിബിഐക്ക് വിടാനുള്ള തീരുമാനം ശരിവെച്ചതോടെ സിബിഐ അന്വേഷണം ഏറ്റെടുത്തു. രണ്ട് വർഷത്തോളം നീണ്ട അന്വേഷണത്തിന് ഒടുവില്‍ 2021 ഡിസംബർ 3 ന് സിബിഐ അന്വേഷണ സംഘം കൊച്ചിയിലെ സിബിഐ കോടതിയില്‍ കേസില്‍ കുറ്റപത്രം സമർപ്പിച്ചു. സിപിഎം നേതാവും ഉദുമ മുൻ എംഎല്‍എയുമായ കെ വി കുഞ്ഞിരാമനടക്കം 24 പ്രതികളാണ് കുറ്റപത്രത്തില്‍ ഉണ്ടായിരുന്നത്. 2023 ഫെബ്രുവരി 2 നാണ് കൊച്ചി സിബിഐ കോടതിയില്‍ വിചാരണ തുടങ്ങിയത്. 2024 ഡിസംബർ 23 ന് കേസ് പരിഗണിച്ച സിബിഐ കോടതി ഇന്ന് വിധി പ്രസ്താവിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.