കൊച്ചി: പെരിയ ഇരട്ടകൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട കെവി കുഞ്ഞിരാമൻ അടക്കം നാല് പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. 5 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളാണ് അപ്പീല്‍ നല്‍കിയത്. കെ വി കുഞ്ഞിരാമൻ, കെ മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെ വി ഭാസ്കരൻ എന്നിവര്‍ നിലവില്‍ എറണാകുളം ജില്ലാ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.
കേസിലെ ഒന്ന് മുതല്‍ എട്ട് വരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കല്‍ കമ്മിറ്റി അംഗം), സജി സി ജോർജ്, കെ എം സുരേഷ്, കെ അനില്‍കുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തവും മുൻ എംഎല്‍എ കെ വി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കള്‍ക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി എ പീതാംബരൻ ഉള്‍പ്പടെ 10 പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.