കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും. മറ്റ് നാല് പ്രതികള്‍ക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് വിധി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്.
ആറുവർഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് മലയാളികളെ ഒന്നടങ്കം കണ്ണീരണിയിച്ച, സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രകമ്പനം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലക്കേസില്‍ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. സിപിഎം നേതാവും ഉദുമ മുൻ എംഎല്‍എയുമായ കെ വി കുഞ്ഞിരാമൻ, ഉദുമ സി പി എം മുൻ ഏരിയ സെക്രട്ടറി കെ മണികണ്‌ഠൻ ഉള്‍പ്പടെ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കുറ്റക്കാരില്‍ ഏറിയ പങ്കും സിപിഎം നേതാക്കളും പ്രവർത്തകരുമാണ്. ഒന്ന് മുതല്‍ 8 വരെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. 10 പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു.