പെർത്ത് : രാജകീയം രാജാവിൻ്റെ തിരിച്ച് വരവ് ! പെർത്തിലെ പിച്ചിൽ മികച്ച സെഞ്ച്വറിയുമായി എഴുതിത്തള്ളിയവർക്ക് മറുപടി നൽകി വിരാട് കോഹ്ലി. കോഹ്‌ലിയുടെയും യശസ്തി ജയസ്വാളിന്റെയും സെഞ്ച്വറിയുടെ പിൻബലത്തിൽ ഇന്ത്യ പടുകൂറ്റൻ ലീഡ് ഉയർത്തി ഡിക്ലയർ ചെയ്തു. 143 പന്തിലാണ് വിരാട് പുറത്താകാതെ നൂറ് തികച്ചത്. 297 പന്തിലാണ് ജെയ്സ്വാൾ 161 റൺ നേടിയത്. ആദ്യ ഇന്നിങ്സിൽ 150 റണ്ണിന് എല്ലാവരും പുറത്തായ ടീം ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റ് നഷ്ടമാക്കി 487 റണ്ണാണ് നേടിയത്. ടെസ്റ്റിൽ 533 റണ്ണിൻ്റെ ലീഡ് ആണ് ടീം ഇന്ത്യയ്ക്ക് ഉള്ളത്. കോഹിലി സെഞ്ച്വറി നേടിയതിനു പിന്നാലെ ക്യാപ്റ്റൻ ബുംറ ഇന്ത്യൻ ഇന്നിങ്ങ്സ് ഡിക്ലയർ ചെയ്തു. ഇന്ത്യയുടെ യുവ സെൻസേഷൻ യശസ്വി ജയ് സ്വാളിൻ്റെ സെഞ്ച്വറി ആയിരുന്നു ആദ്യ സെഷനിലെ പ്രത്യേകത. പിന്നാലെ ജയ സ്വാൾ 150 ഉം കടന്ന് മുന്നേറി. ഒപ്പം നിന്നിരുന്ന രാഹുലും (77) , പടിക്കലും (25) വേഗം മടങ്ങി.
എന്നാൽ , ഒരു വശത്ത് സാക്ഷാൽ കോഹ്ലിയെ കുട്ട് നിർത്തി ജയ്സ്വാൾ റൺസ് കൂട്ടുകയായിരുന്നു. ജയ്‌സ്വാൾ പുറത്തായതിനു പിന്നാലെ എട്ടു റൺ എടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. പന്തും (1) ജുവറലും (1) അതിവേഗം പുറത്തായി എങ്കിലും വാഷിങ്ങ്ടൺ സുന്ദർ (29) കോഹ്ലിയുടെ വിക്കറ്റിന് കാവൽ നിന്നു. സുന്ദർ പോയതിന് പിന്നാലെ കളത്തിൽ എത്തിയ നിതീഷ് കുമാർ റെഡി ( 27 പന്തിൽ 38 ) ആക്രമിച്ചു കളിച്ചതോടെ കോഹ്ലിക്കും ആത്മവിശ്വാസമായി. പിന്നീടാണ് , ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന നൂറു പിറന്നത്. നഥാൻ ലിയോണിനെ സ്വീപ്പ് ചെയ്തു പന്ത് ബൗണ്ടറി കടത്തിയ കോഹ്ലി നൂറു തികച്ചപ്പോൾ മുഖത്തു വിരിഞ്ഞത് ആശ്വാസ പുഞ്ചിരി ആയിരുന്നു. തൊട്ടു പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ ബുംറ ഡിക്ലയർ ചെയ്യുകയും ചെയ്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയിലേക്ക് റൺ എടുക്കും മുൻപ് ആദ്യ വിക്കറ്റ് നഷ്ടമായി. മക്സേനിയെ ക്രിക്കറ്റിനു മുന്നിൽ കുടുക്കി ബുംറയാണ് ആക്രമണത്തിന് തുടക്കമിട്ടത്.