പെരുവന്താനം: തൊഴിൽ കാർഡില്ലാത്ത അതിഥി തൊഴിലാളികളെ ഉപ യോഗിച്ച് തൊഴിലുറപ്പ് പദ്ധതിയിലെ കോൺക്രീറ്റ് റോഡ് നിർമിച്ച സംഭവത്തിൽ റിപ്പോർട്ട് ലഭിച്ച സാഹചര്യത്തിൽ ഓംബുഡ്സ്മാൻ നാളെ പെരുവന്താനം പഞ്ചായത്തിൽ സിറ്റിംഗ് നടത്തും. വിവാദമായ റോഡ് നിർമാണ സംഭവത്തിൽ പ്രതിപക്ഷ അംഗങ്ങളായ എം.സി. സുരേഷ്, പ്രഭ ബാബു, പി. നിസാർ, പി.ആർ. ബിജുമോൻ എന്നിവർ നൽകിയ
പരാതിയിൽ തുടരന്വേഷണത്തിനായി കട്ടപ്പന, പീരുമേട് ബ്ലോക്ക് എ.ഇമാരെ ചുമതലപെടുത്തിയിരുന്നു.മെയ് 30നകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശിച്ചിരുന്നത്.
പഞ്ചായത്തിലെ പത്താം വാർഡായ കപ്പലുവേങ്ങയിൽ കോൺക്രീറ്റ് റോഡ് തൊഴിൽ കാർഡില്ലാത്ത അതിഥിത്തൊഴിലാളികളെക്കൊണ്ടാണ് നിർമിച്ചതെന്നാണ് പരാതി. ഇതിനായി ഒഡിഷയിൽ നിന്നുള്ള 19തൊഴിലാളികളുണ്ടായിരുന്നുവെന്നും മസ്റ്റ് റോളിൽ ഒപ്പിട്ടവർ പണിക്കിറങ്ങിയില്ല എന്നുമാണ് ആരോപണം നിർമാണത്തിന് എം- സാന്റിനു പകരം ഗുണനിലവാരം കുറഞ്ഞ പാറപ്പൊടിയാണ് ഉപയോഗിച്ചതെന്നും പരാതിക്കാർ ആരോപിച്ചു. കൂടാതെ
പെരുവന്താനം ഗ്രാമപഞ്ചായത്തിലെ 10-ാം വാർഡിലെ എം ഷാജി നൽകിയ പരാതിയിന്മേൽ രേഖകൾ പരിശോധിക്കുന്നതാണ്.സിറ്റിംഗുകളിൽ തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും സംഘടനകൾക്കും പരാതികൾ സമർപ്പിക്കാവുന്നതാണന്ന് ഓംബുഡ്സ്മാൻ അറിയിച്ചു.