മുണ്ടക്കയം: വീടിനുള്ളിൽ മരിച്ചു കിടക്കുന്നു എന്ന് പറഞ്ഞ വയോധികയുടെ ജീവൻ രക്ഷിച്ച് പെരുവന്താനം പോലീസ്. വിവരമറിഞ്ഞ് സ്ഥലത്തേക്ക് പോയ പൊലീസിന്റെ വഴിമുടക്കി കാട്ടാന കൂട്ടവുമെത്തി. എന്നാൽ ‘ജീവനുണ്ട് വേഗം ആശുപത്രിയിൽ എത്തിക്കണം’ കാനമലയുടെ മുകളിൽ മരണ ഭയം തളംകെട്ടി നിന്ന എസ്ഐ അജീഷിന്റെ ഇ വാക്കുകൾ ഉച്ചത്തിൽ ഉയർന്നതോടെ മരണ പാതയിൽ നിന്നും നബീസ എന്ന വയോധികയുടെ യാത്ര ജീവിതത്തിന്റെ റിവേഴ്സ് ഗിയറിലേക്കു വീണു.
ഇതോടെ നാടൊന്നടങ്കം പറഞ്ഞു ‘നബീസുമ്മ മരിച്ചില്ല. കാനമല പുതുപ്പറമ്പിലെ നബീസ വീട്ടിൽ മരിച്ചു കിടക്കുന്നു. കട്ടിലിൽ കാൽ ഉയർന്ന് നിൽപ്പുണ്ട്, വേഗം വരണം. ബുധനാഴ്ച രാത്രി 6.30ഓടെ അഴുത ബ്ലോക്ക് പഞ്ചായത്തംഗം ഷാജി ഒഴക്കോട്ടയിലിനു വന്ന ഫോൺ കോളിൽ ഒറ്റ ശ്വാസത്തിൽ മറുതലയ്ക്കൽ സംഭവം വിവരിച്ചത് നാട്ടുകാരനായ ബെന്നിയാണ്. ഇതോടെ തനിച്ച് താമസിക്കുന്ന അറുപത് വയസ്സുള്ള വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി എന്ന വിവരം ഷാജി പെരുവന്താനം സ്റ്റേഷനിൽ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എസ്എച്ച്ഒ ത്രിദ്രീപ് ചന്ദ്രൻ്റ നിർദേശപ്രകാരം എസ്ഐമാരായ കെ.ആർ.അജീഷ്, മുഹമ്മദ് അജ്മൽ, ആദർശ്, ഷെരീഫ്, അൻസാരി എന്നിവരടങ്ങുന്ന പൊലീസ് സംഘം സ്ഥലത്തേക്ക് യാത്ര തിരിച്ചു. ഇൻക്വസ്റ്റ് ഫയൽ, രാത്രി കാവലിന് രണ്ട് സിപിഒമാർ എന്നിങ്ങനെ കരുതിയായിരുന്നു യാത്ര. ഇതിനോടകം നബീസ മരിച്ചു എന്ന വാർത്ത നാട്ടിൽ പടർന്നു. തൊട്ടടുത്ത് അയൽക്കാർ ഇന്നും ഇല്ലാത്ത ചെറിയ വീട്ടിലാണ് നബീസയുടെ താമസം. രണ്ട് ദിവസമായി പുറത്തെങ്ങും കാണാനില്ലായിരുന്നു. ബന്ധുവീട്ടിൽ പോയെന്ന് സമീപവാസികൾ കരുതി. എങ്കിലും സംശയം തോന്നി വീട്ടിൽ കയറി നോക്കിയപ്പോഴാണ് നിലത്ത് കിടക്കുന്ന നിലയിൽ കണ്ടത്.
ദൂരെയുള്ള ഏക മകളെയും മരണ വാർത്ത അറിയിച്ചു. എട്ട് കിലോമീറ്റർ യാത്ര ചെയ്ത് പൊലീസ് തെക്കമേലയിൽ എത്തിയതോടെ ബ്ലോക്ക് പഞ്ചായത്തംഗവും നാട്ടുകാരും ഒപ്പം ചേർന്നു. അവിടെ നിന്നും മൂന്നു കിലോമീറ്റർ സഞ്ചരിക്കണം കാനംമലയിൽ എത്താൻ. യാത്രയ്ക്കിടെ വഴിയിൽ കാട്ടാനകൾ വഴിമുടക്കി. ടി.ആർ.ആൻഡ്.ടി എസ്റ്റേറ്റിൽ നിന്നും ജനവാസ മേഖലയിലേക്ക് കടന്ന കാട്ടാനകൾ കാനംമല റോഡിന്റെ വശത്തായി നിലയുറപ്പിച്ചിരുന്നു. കുറേ ദിവസങ്ങളായി കൃഷികൾ നശിപ്പിച്ച് കാട്ടാനക്കൂട്ടം ഇവിടെ ചുറ്റി തിരിയുന്നുണ്ട്. വനപാലകരെ അറിയിച്ചെങ്കിലും എത്താൻ വൈകിയതോടെ ആന ഇറങ്ങിയ വഴിയിലൂടെ രണ്ടും കൽപിച്ച് ജീപ്പിൽ യാത്ര തുടർന്നു.
വാഹനം എത്തുന്ന റോഡിൽ നിന്നും അൻപത് മീറ്റർ നടന്നു കയറി ഒൻപത് മണിയോടെ പുതുപ്പറമ്പിൽ നബീസയുടെ വീട്ടിൽ സംഘം എത്തി. ഇ സമയത്ത് നബീസയുടെ മകളും വിവരം അറിഞ്ഞ് വന്നിരുന്നു. വീടിന്റെ കതക് തുറന്ന് അകത്ത് കയറി പൊലീസ് പരിശോധന നടത്തി. നബീസയുടെ വയർ അനങ്ങിയത് ശ്രദ്ധയിൽപെട്ടതോടെ എസ്ഐ പറഞ്ഞു ‘ജീവനുണ്ട് ആശുപത്രിയിൽ എത്തിക്കണം’ ഉടൻ തന്നെ പുതപ്പിൽ കിടത്തി ആളുകൾ ചേർന്ന് ചുമന്ന് റോഡിൽ എത്തിച്ചു പിന്നീട് ജീപ്പിൽ ആശുപത്രിയിലേക്കും. ആശുപത്രിയിൽ എത്തിച്ച് മരുന്നുകളോട് വേഗത്തിൽ പ്രതികരിച്ചതോടെ ശരീരത്തിന് അനക്കം വച്ചു. പ്രമേഹം ഉൾപ്പെടെയുള്ള രോഗങ്ങൾ നബീസയ്ക്ക് ഉണ്ടായിരുന്നു. ഓക്സിജൻ നൽകി ഇന്നലെ ഉച്ച വരെ വാർഡിൽ തന്നെ കിടത്തി. ഉച്ചയ്ക്ക് ശേഷം അൽപം ക്ഷീണം വർധിച്ചതോടെ ഐസിയുവിലേക്ക് മാറ്റി. മരിച്ചു എന്ന് വിധി എഴുതിയ നാട്ടിലേക്ക് നബീസ ജീവനോടെ തിരിച്ചു വരണേ എന്ന പ്രാർഥനയിലാണ് ഇപ്പോൾ തെക്കേമല കാനംമല നിവാസികൾ.