പത്തനംതിട്ട: നിലയ്ക്കല്‍ മുതല്‍ പമ്പവരെ സൗജന്യ വാഹനസൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് നല്കിയ ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എന്നാൽ തള്ളണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
ശബരിമലയിലെത്തുന്ന ഭക്തരില്‍ നിന്ന് കെഎസ്ആർടിസി അധിക തുക ഈടാക്കുന്നുവെന്ന് വിശ്വഹിന്ദു പരിഷത്ത് ഹർജിയില്‍ പരാമർശിക്കുന്നുണ്ട്. എന്നാല്‍, തീർത്ഥാടകരില്‍ നിന്ന് അധിക തുക ഈടാക്കുന്നില്ലെന്ന് വ്യക്തമാക്കി കെഎസ്ആർടിസി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചു. അതേസമയം, ശബരിമലയിലെത്തുന്ന എല്ലാ ഭക്തർക്കും ദർശനം ഉറപ്പാക്കുന്നതിനും ആചാരം സംരക്ഷിക്കുന്നതിനും ഏതറ്റം വരെയും പോകുമെന്ന് ശബരിമല അയ്യപ്പ സേവാ സമാജം വ്യക്തമാക്കിയിരുന്നു.