തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ഒഴികെ എല്ലാ ചികിത്സ വിഭാഗങ്ങളും ബഹിഷ്കരിച്ചുള്ള പിജി ഡോക്ടര്‍മാരുടെ സമരം രണ്ടാം ദിവസവും തുടരുന്നു. ജോലിഭാരം കുറയ്ക്കാന്‍ 373 നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരെ നിയമിച്ച സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്ന് കാട്ടിയാണ് പിജി ഡോക്ടര്‍മാര്‍ സമരവുമായി മുന്നോട്ടു പോവുന്നത്.സമരം തുടങ്ങിയതോടെ ഇന്നലെ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സമരം കാര്യമായി ബാധിച്ചു തുടങ്ങിയിട്ടില്ല. സീനിയര്‍ ഡോക്ടര്‍മാരെ കാഷ്വാലിറ്റികളിലടക്കം ചുമതലയേല്‍പ്പിച്ചാണ് സ്ഥിതി നേരിടുന്നത്. എല്ലാ മെഡിക്കല്‍ കോളേജുകളിലും സ്ഥിതി ഏറെക്കുറെ സമാനമാണ്.
വിമര്‍ശനം ശക്തമായതോടെ ഹോസ്റ്റലുകളില്‍ നിന്ന് സമരക്കാരെ ഒഴിപ്പിച്ച നടപടി സര്‍ക്കാര്‍ പിന്‍വലിച്ചു. സമരക്കാരുടെ പ്രധാന ആവശ്യമായ, നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരെ നിയമിക്കാനും സര്‍ക്കാര്‍ നടപടി തുടങ്ങി. തിങ്കളാഴ്ച ഇതിനായുള്ള അഭിമുഖം നടക്കും.രണ്ട് തവണ ചര്‍ച്ച നടത്തിയിട്ടും സമരം തുടരുന്നതിനാല്‍, ഇനി ചര്‍ച്ചയില്ലെന്നും പിന്മാറണമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഡോക്ടര്‍മാര്‍ സമരം തുടര്‍ന്നാല്‍ പ്രതിസന്ധിയാകുമെന്നാണ് മെഡിക്കല്‍ കോളേജുകളിലെ വിലയിരുത്തല്‍.