ഡല്‍ഹി: മോഷ്ടിക്കപ്പെട്ട ഫോണ്‍ യുണീക് ഐഡന്റിറ്റി നമ്പർ വഴി കണ്ടെത്തിക്കൊടുക്കേണ്ട ബാധ്യത മൊബൈല്‍ ഫോണ്‍ കമ്പനിക്കില്ലെന്ന് സുപ്രിംകോടതി.ആപ്പിള്‍ കമ്പനിക്കെതിരെ ഒഡിഷ ഉപഭോക്തൃ കമ്മിഷൻ നടത്തിയ നിരീക്ഷണം റദ്ദാക്കിയാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബഞ്ചിന്റെ വിധി. കമ്മിഷൻ നടത്തിയ നിരീക്ഷണം അനുചിതമായെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള, മോഷ്ടിക്കപ്പെട്ട ഫോണ്‍ കണ്ടെത്തി നല്‍കണമെന്നാവശ്യപ്പെട്ട് ഒരു ഉപഭോക്താവാണ് ആപ്പിളിനെതിരെ ഉപഭോക്തൃ കമ്മിഷനില്‍ പരാതി നല്‍കിയിരുന്നത്. വാദം കേട്ട കമ്മിഷൻ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടു. യുണീക് നമ്ബർ ഉപയോഗിച്ച് ഫോണ്‍ കണ്ടുപിടിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടു. നഷ്ടപരിഹാരം നല്കാൻ സന്നദ്ധമായ ആപ്പിള്കമ്മിഷന്റെ നിരീക്ഷണത്തിനെതിരെ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.
ഇത്തരം നിർദേശങ്ങള്‍ തുടർന്നാല്‍ കമ്ബനി ‘നഷ്ടപ്പെട്ട ഉത്പന്നങ്ങള്‍ തിരിച്ചുപിടിക്കുന്ന അന്വേഷണ ഏജൻസി’ ആകേണ്ടി വരുമെന്ന് ആപ്പിള്‍ ഇന്ത്യ സമർപ്പിച്ച ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആപ്പിള്‍ ഇന്ത്യയുടെ വാദങ്ങള്‍ മുഖവിലക്കെടുത്ത കോടതി കമ്മിഷന് നിരീക്ഷണങ്ങള്‍ ശരിയായില്ലെന്ന തീര്‍പ്പിലെത്തുകയായിരുന്നു.