കൊല്ലം : ദി കേരള സ്റ്റോറി കൃത്യമായ രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള സിനിമയാണെന്നും ആർ എസ് എസിന്റെ കെണിയില്‍ വീഴരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ക്രിസ്ത്യൻ രൂപതകള്‍ സിനിമ പ്രദർശിപ്പിക്കുന്ന വേളയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കേരള സ്റ്റോറിയില്‍ ആർഎസ്എസിന് കൃത്യമായ അജണ്ഡയുണ്ട്. ഹിറ്റ്ലറുടെ ആശയം അതേ പോലെ പകർത്തിവെച്ചിരിക്കുന്നവരാണ് ആർഎസ്എസുകാർ. ജർമ്മനിയില്‍ ജൂതരാണെങ്കില്‍ ഇവിടെ മുസ്ലിംങ്ങളും ക്രിസ്റ്റ്യാനികളുമാണ് ഇരയാക്കപ്പെടുന്നത്. ആർ എസ് എസിൻ്റെ കെണിയില്‍ വീഴരുത്. രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള സിനിമ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ കൃത്യമായ ഉദ്ദേശം കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥി എൻകെ പ്രേമചന്ദ്രൻ പ്രധാനമന്ത്രിയോടൊപ്പം ഭക്ഷണം കഴിച്ചതിനെകുറിച്ചുളള ചോദ്യങ്ങളോട് ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കണ്ടറിയാമെന്നായിരുന്നു പിണറായിയുടെ പ്രതികരണം. അവസരവാദ നിലപാട് ഒരിക്കല്‍ സ്വീകരിച്ച ആളാണ് പ്രേമചന്ദ്രൻ. ഇനി എവിടെയൊക്കെ എത്തുമെന്ന് കണ്ടറിയേണ്ടി വരും. ഇക്കാര്യത്തില്‍ പ്രവചനത്തിന് ഇല്ലെന്നും പിണറായിയുടെ മറുപടി നല്കി.