ക്ഷേമപെന്‍ഷന്‍ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യും; തുക വർധിപ്പിക്കാനും പദ്ധതിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. നിലവില്‍ 5 മാസത്തെ പെൻഷൻ കുടിശ്ശികയാണ്. ഈ സാമ്പത്തിക വർഷം 2 ഗഡുവും അടുത്ത സാമ്പത്തിക വർഷം 3 ഗഡുവും വിതരണം ചെയ്യും. ചട്ടം 300 അനുസരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. സർക്കാർ ജീവനക്കാരുട ഡിഎ കുടിശ്ശികയില്‍ പ്രത്യേക ഉത്തരവ് ഇറക്കും. ഓരോ സാമ്പത്തിക വർഷവും രണ്ട് ഗഡു വീതം കൊടുത്ത് കുടിശ്ശിക തീർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2021 മുതല്‍ കേരളം കേന്ദ്ര വിവേചനം നേരിടുകയാണ്. കഴിഞ്ഞ സര്‍ക്കാർ പശ്ചാത്തല വികസനത്തിന് ആവിഷ്കരിച്ചത് വൻകിട പദ്ധതികളാണ്. ശമ്പള പരിഷ്കരണം നടത്തി. പെൻഷൻ കുടിശിക ഇല്ലാതെ കൊടുത്തു. സമാനതകളില്ലാത്ത വികസനത്തിന് കിഫ്ബി വഹിച്ച പങ്ക് എല്ലാവർക്കും അറിയാം. തനത് വരുമാനം നീക്കി വച്ചാണ് കിഫ്ബി പ്രവർത്തിച്ചത്.

Advertisements

കിഫ്ബിയെയും പെൻഷൻ കമ്പനിയേയും വായ്പാ പരിധിയില്‍ കേന്ദ്രം ഉള്‍പ്പെടുത്തി. സാമ്പത്തിക ഉപരോധത്തിനൊപ്പം നികുതി വിഹിതത്തിലും വെട്ടിക്കുറവ് വരുത്തി. 3 വർഷം കൊണ്ട് കേന്ദ്ര ഗ്രാന്‍റില്‍ 19000 കോടിയുടെ കുറവ് ഉണ്ടായി. കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ നിന്ന് പോലും പിൻമാറുന്ന അവസ്ഥയുണ്ടായി. തനതു വരുമാനം കൂട്ടിയാണ് പിടിച്ച്‌ നില്‍ക്കുന്നത്. ക്ഷേമ ആനുകൂല്യങ്ങളില്‍ കുടിശികയുണ്ട്. സമയബന്ധിതമായി സർക്കാർ കുടിശിക നിവാരണം നടത്തും. സാമൂഹ്യ സുരക്ഷാ പെൻഷൻ കൂട്ടാൻ സർക്കാരിന് പദ്ധതിയുണ്ട്. ചെലവുകള്‍ ചുരുക്കലിന് അതിശക്ത നടപടികള്‍ സ്വീകരിക്കും. വിവിധ വകുപ്പുകള്‍ ഈ മാസം 31 ന് അകം പ്രത്യേകം ഉത്തരവിറക്കണം. കടുത്ത പണ ഞെരുക്കത്തിനിടയിലും സർക്കാർ അവശ വിഭാഗത്തെ ചേർത്ത് നിർത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Hot Topics

Related Articles