തിരുവനന്തപുരം : 63-മത് കേരള സ്കൂള്‍ കാലോത്സവത്തിൻ്റെ ഭാഗമായി ഒരുക്കിയ പുത്തരിക്കണ്ടം മൈതാനത്തെ ഭക്ഷണശാല മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കുട്ടികളെയും ഭക്ഷണം കഴിക്കുന്നവരെയും സന്ദർശിച്ച് ഒരു ഗ്ലാസ് പായസവും കുടിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. കലോത്സവത്തിന് ഭക്ഷണമൊരുക്കുന്ന പഴയിടം നമ്പൂതിരിയെയും പിണറായി വിജയൻ സന്ദർശിച്ചു.
പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനില്‍, മേയർ ആര്യ രാജേന്ദ്രൻ, എം. എല്‍. എമാരായ വി ജോയ്, കടകംപള്ളി സുരേന്ദ്രൻ, അഹമ്മദ് ദേവർകോവില്‍, തോട്ടത്തില്‍ രവീന്ദ്രൻ, പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് എന്നിവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. പുത്തരിക്കണ്ടത്തെ ഭക്ഷണപന്തലില്‍ കഴിഞ്ഞ 2 ദിവസം കൊണ്ട് 47,000ത്തോളം പേരാണ് അഞ്ചുനേരം കൊണ്ടു ഭക്ഷണം കഴിച്ചതെന്ന് ഇന്നലെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരുന്നു. മിനിഞ്ഞാന്ന് രാത്രി ഒരുമണിവരെ ഭക്ഷണം നല്‍കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.