കാന്‍സറില്ലാത്ത സ്ത്രീക്ക് കീമോ തെറാപ്പി; രോഗിയുടെ മൃതദേഹം പുഴുവരിച്ച സംഭവം; കാന്‍സര്‍ ബാധിതയായ അമ്മയെ കാണാനെത്തിയ 22 വയസ്സുകാരി ലിഫ്റ്റില്‍ നിന്നും താഴേക്ക് വീണ മരിച്ചത്; മൃതദേഹം മാറ്റി നല്‍കിയ വിവാദം; ഒടുവില്‍ പട്ടാപ്പകല്‍ നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോകല്‍; എന്ന് നന്നാവും നമ്മുടെ ആരോഗ്യം?

കോട്ടയം: മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ വിദഗ്ധ ചികില്‍സയ്ക്ക് അമേരിക്കയിലേക്കു പോകുന്ന വിവരം വാര്‍ത്തയായിരുന്നു. ആരോഗ്യ സംരക്ഷണത്തിന് വിദേശത്ത് പോകുന്നതില്‍ വിമര്‍ശനമില്ല, പക്ഷേ, കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ-ചികില്‍സാ കാര്യങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ട സമയം അക്ഷരാര്‍ത്ഥത്തില്‍ അതിക്രമിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും പട്ടാപ്പകല്‍ നവജാത ശിശുവിനെ കടത്തിയ സംഭവം സുരക്ഷാ വീഴ്ചയല്ലെന്നും ആദ്യ സംഭവമാണെന്നും ആവര്‍ത്തിക്കുമ്പോഴും, കേരളത്തിന്റെ പൊതുജനാരോഗ്യ പരിരക്ഷയിലും, മുഴുവന്‍ ജനങ്ങള്‍ക്കും ലഭ്യമാകേണ്ട വിദഗ്ദ്ധ ചികില്‍സയിലും സര്‍ക്കാരാശുപത്രികളില്‍ പിറന്നു വീഴുന്ന കുഞ്ഞുങ്ങളുടെ ഉള്‍പ്പെടെ സുരക്ഷയിലും സര്‍ക്കാര്‍ വലിയ പരാജയമായി മാറിക്കൊണ്ടിരിക്കുകയാണ് എന്ന സത്യം പകല്‍ പോലെ വ്യക്തമാണ്.

Advertisements

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ നിന്ന് മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ നഴ്സിന്റെ വേഷമിട്ടു വന്ന സ്ത്രീ എടുത്തുകൊണ്ടുപോകുന്നു. വെള്ളക്കോട്ടിട്ടു വന്നാല്‍ ഐഡന്റിറ്റി കാര്‍ഡ് പോലും വേണ്ട. പൊലീസിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ട് മാത്രം അമ്മയ്ക്ക് കുഞ്ഞിനെ തിരികെ ലഭിച്ചു, ആ നിമിഷം ആഭ്യന്തര വകുപ്പിന് കയ്യടിച്ച കേരളം ആരോഗ്യ വകുപ്പിനെ പഴിക്കാനും മറന്നില്ല. സുരക്ഷാ സംവിധാനം ഏറെയുള്ള, ഇന്ത്യയിലെ തന്നെ മികച്ച മെഡിക്കല്‍ കോളേജിലാണ് പിഴവ് സംഭവിച്ചത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതേ കോട്ടയം മെഡിക്കല്‍ കോളേജിലാണ് രണ്്ട വര്‍ഷം മുന്‍പ് കാന്‍സറില്ലാത്ത സ്ത്രീക്ക് തെറ്റായ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കീമോ തെറാപ്പി ചെയ്തത്. പന്തളത്തിനടുത്ത് കുടശനാട് സ്വദേശിനിയായ യുവതിക്കാണ് ക്യാന്‍സര്‍ സ്ഥിരീകരിക്കാതെ കിമോ തെറാപ്പി നടത്തിയത്. ഡയനോവ ലാബിലെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കീമോ തെറാപ്പി ചെയ്തത്. പ്രാഥമിക പരിശോധനകളില്‍ ക്യാന്‍സറുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കീമോ നടത്തിയതെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ കാന്‍സര്‍ ചികില്‍സാ വിഭാഗത്തിലെ ആര്‍ക്കും നടപടികള്‍ പോലും നേരിടേണ്ടി വന്നില്ല.

ആഴ്ചകള്‍ക്കു മുമ്പ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കൂടെയുള്ള യുവാവിനെ കയറ്റിവിടാതിരിക്കുകയും അത് ചോദ്യം ചെയ്തതിന് സെക്യൂരിറ്റി ജീവനക്കാര്‍ കൂട്ടം ചേര്‍ന്നു മര്‍ദിക്കുകയും ചെയ്തതു. തിരുവനന്തപുരം ആര്‍സിസിയില്‍ തന്നെ ചികില്‍സയില്‍ കഴിഞ്ഞിരുന്ന അമ്മയെ കാണാനെത്തിയ 22 വയസ്സുള്ള പെണ്‍കുട്ടി അറ്റകുറ്റപ്പണിയിലായിരുന്ന ലിഫ്റ്റില്‍ കയറി താഴേയ്ക്കു വീണ് ഗുരുതരമായി പരിക്കേറ്റു മരിച്ചത് മാസങ്ങള്‍ക്കു മുമ്പാണ്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കോവിഡ് ബാധിച്ച് മരിച്ച പെരുമ്പാവൂര്‍ സ്വദേശി കുഞ്ഞുമോന്റെ പുഴുവരിച്ച മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജ് ബന്ധുക്കള്‍ക്ക് നല്‍കിയത്. പെരുമ്പാവൂര്‍ നഗരസഭാ ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ കൊണ്ടുവന്ന സമയത്ത്താനും ബന്ധുക്കളും അവസാനമായി മുഖം കാണാന്‍ തുറന്നുനോക്കിയപ്പോഴാണ് വായ പുഴുവരിക്കുന്നതായി കണ്ടത്. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം മൃതദേഹം മൂന്ന് ബാഗുകളില്‍ സുരക്ഷിതമായി പൊതിഞ്ഞ് പുലര്‍ച്ചെ മൂന്നോടെ മോര്‍ച്ചറിയിലേക്ക് മാറ്റിയെന്നും ഉച്ചയ്ക്ക് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയെന്നും മോര്‍ച്ചറിയിലെ ഫ്രീസറിന് ഒരു തകരാറുമില്ലെന്നും കളമശേരി മെഡിക്കല്‍ കോളേജ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്‍ അറിയിച്ചു. വിശദീകരണത്തോടെ വിവാദം ഒതുക്കി.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് കോവിഡ് ബാധിച്ചു മരിച്ച രോഗിയുടെ മൃതദേഹം മാറ്റി നല്‍കിയ സംഭവം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്നത്. കുന്ദമംഗലം സ്വദേശി സുന്ദരന്റ മൃതദേഹത്തിന് പകരം ബന്ധുക്കള്‍ക്ക് നല്‍കിയത് കക്കോടി സ്വദേശി കൗസല്യയുടെ മൃതദേഹമാണ്. ചികിത്സാപിഴവ് മൂലമുണ്ടായ മരണങ്ങളുടെ എണ്ണവും കുറവായിരുന്നില്ല. വനിതാ ഡോക്ടര്‍മാര്‍ക്കുള്‍പ്പെടെ നടന്ന അതിക്രമങ്ങള്‍ക്ക് നേരെയും ആരോഗ്യ വകുപ്പ് കണ്ണടച്ചു. മുഖ്യമന്ത്രി അമേരിക്കയിലേക്കു പോകുന്നതിനു മുമ്പ് കേരളത്തിലെ ആരോഗ്യമേഖലയില്‍, പ്രത്യേകിച്ചും ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളിലെ രോഗീ സൗഹൃദപരമല്ലാത്ത സാഹചര്യങ്ങളെക്കുറിച്ചു സമഗ്ര അന്വേഷണത്തിന് തീരുമാനമെടുക്കണമെന്ന ആവശ്യത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.

Hot Topics

Related Articles