കോട്ടയം: പിങ്ക് പൊലീസിന്റെ സദാചാരണ വിചാരണയ്ക്ക് ഇരയായി എന്നാരോപിച്ച് യുവാവ് പോസ്റ്റ് ചെയ്ത വീഡിയോ വൈറലാകുന്നു. കോട്ടയം കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡിന് പരിസരത്ത് വച്ചാണ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുമായി അഖില്‍ മേനിക്കോട്ട് എന്ന യുവാവും അഭിരാമി എന്ന യുവതിയും തര്‍ക്കത്തിലേര്‍പ്പെട്ടത്.
യുവതിയോട്എവിടെ പോകുന്നുവെന്നും എത്ര വയസായി എന്നുമാണ് ഉദ്യോഗസ്ഥ ചോദിച്ചത്. ഇതില്‍ പ്രകോപിതരായ യുവാവും യുവതിയും തങ്ങളെ സഭ്യത പഠിപ്പിക്കാന്‍ വരേണ്ടെന്ന് പറഞ്ഞ് ഉദ്യോഗസ്ഥയുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. എന്നാല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പിന്തുണ പ്രതീക്ഷിച്ച യുവാവിന് തിരിച്ചടിയായി. ഉദ്യോഗസ്ഥയുടെ ഭാഗത്ത് എന്ത് തെറ്റാണുള്ളതെന്നും സംശയമുള്ളവരെ ചോദ്യം ചെയ്യുക പൊലീസിന്റെ ജോലിയാണെന്നും ഓര്‍മ്മിപ്പിച്ച് പിങ്ക് പൊലീസിന് അനുകൂലമായാണ് ഭൂരിപക്ഷവും പ്രതികരിച്ചിരിക്കുന്നത്. ഭൂരിപക്ഷത്തിനൊപ്പം ചേര്‍ന്നില്ലെങ്കില്‍ പോലും ഉദ്യോഗസ്ഥയുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ല എന്ന് തന്നെയാണ് വീഡിയോയില്‍ വ്യക്തമാകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവനന്തപുരത്ത് അച്ഛനും മകളും പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയ്ക്ക് വിധേയരായ സംഭവം ഹൈക്കോടതി വരെ എത്തിയിരുന്നു. സംഭവത്തില്‍ പിങ്ക് പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ഈ സംഭവത്തിന്റെ തണല്‍പറ്റി ‘ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം’ എന്ന രീതിയില്‍ പിങ്ക് പൊലീസ് വ്യാപകമായി വിമര്‍ശിക്കപ്പെടുന്നുണ്ട്. സ്ത്രീകളുടെ സംരക്ഷണ ചുമതലയുള്ളവരാണ് പിങ്ക് പൊലീസ് സേന. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണോ എന്നറിയാന്‍ വയസ് ചോദിച്ചത് മഹാപരാധമല്ല, അവരുടെ ജോലിയാണ്. ഒരു വീഡിയോ ക്യാമറയുടെ ബലത്തില്‍ എന്തും കാണിച്ചുകൂട്ടി സോഷ്യല്‍മീഡിയയില്‍ ഏത് രീതിയിലും പ്രചരിപ്പിക്കാമെന്ന പുതിയട്രെന്‍ഡ് വിമര്ശിക്കപ്പെടേണ്ടത് തന്നെയാണ്.
സംസ്ഥാനത്ത് ഉടനീളം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കാണാതാവുന്ന കേസുകള്‍ വര്‍ധിച്ച് വരികയാണ്. ഇതില്‍ സമീപകാലത്ത് കോട്ടയം ജില്ല മുന്നിലുണ്ട്. തിരുവഞ്ചൂരിലെ സഹോദരിമാരെയും ഈരാറ്റുപേട്ടയിലെ പെണ്‍കുട്ടിയെയും മണിക്കൂറുകള്‍ക്കുള്ളില്‍ തിരികെയെത്തിച്ചുവെങ്കിലും ഇത്തരം സംഭവങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല. സമീപകാല സംഭവങ്ങളെ ഓര്‍മ്മിപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണെന്ന് കരുതിയാണ് ചോദ്യം ചെയ്തതെന്ന് ഉദ്യോഗസ്ഥ പറയുമ്പോഴും യുവാവും യുവതിയും സംഭവത്തെ സഭ്യതയുടെയും സദാചാരത്തിന്റെയും കുറ്റിയിലാണ് കെട്ടാന്‍ ശ്രമിച്ചത്. ഞങ്ങള്‍ സഭ്യത പഠിപ്പിക്കാന്‍ വന്നതല്ല എന്ന് ഉദ്യോഗസ്ഥ നിരന്തരം പറയുന്നുണ്ടെങ്കിലും യുവാവും യുവതിയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥയോട് കയര്‍ത്ത് സംസാരിക്കുന്നത് തുടര്‍ന്നു.
വനിതാ ഉദ്യോഗസ്ഥയുടെ സ്ഥാനത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥനായിരുന്നുവെങ്കില്‍ ഈ സംഭവം അരങ്ങേറുമോ എന്ന ചിന്തയ്ക്കും പ്രസക്തിയുണ്ട്. വനിതാ പൊലീസിനെ, പ്രത്യേകിച്ച് പിങ്ക് പൊലീസ് സേനയെ അപ്രസക്തരാക്കുന്ന പ്രവണത വളമിട്ട് വളര്‍ത്തേണ്ടതില്ല. കോട്ടയത്ത് ഇന്നലെ നടന്ന സംഭവത്തില്‍ പിങ്ക് പൊലീസാണ് ശരി, ഉദ്യോഗസ്ഥയ്ക്കൊപ്പം..!