കൊച്ചി: പിങ്ക് പോലീസിന്റെ പരസ്യ വിചാരണക്ക് ഇരയായ കുട്ടിക്ക് സര്‍ക്കാര്‍ ഒന്നര ലക്ഷം രൂപ നല്‍കണമെന്ന് വിധി. ഹൈക്കോടതിയുടെതാണ് ഉത്തരവ്. ഇതിനു പുറമെ, 25,000 രൂപ കോടതി ചെലവായി കെട്ടിവക്കണം. പോലീസുകാരിക്കെതിരെ ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. ക്രമസമാധാന ചുമതലയില്‍ നിന്ന് ഉദ്യോഗസ്ഥയെ മാറ്റിനിര്‍ത്തണം. പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്നതില്‍ പോലീസുകാരിക്ക് പരിശീലനം നല്‍കുകയും വേണം.എട്ട് വയസുകാരിയാണ് പിങ്ക് പോലീസിന്റെ അധിക്ഷേപത്തിന് ഇരയായത്. നീതി കിട്ടിയെന്ന് കുട്ടിയുടെ പിതാവ് ജയചന്ദ്രന് പ്രതികരിച്ചു. പണം ആഗ്രഹിച്ചല്ല കേസുമായി മുന്നോട്ട് പോയത്. ഉദ്യോഗസ്ഥ തെറ്റ് ചെയ്തെന്ന് തെളിയിക്കലായിരുന്നു ലക്ഷ്യമെന്നും ജയചന്ദ്രന് പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റ് 27നാണ് പരസ്യവിചാരണ നടന്നത്. തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും മകളെയുമാണ് പൊലീസ് ഉദ്യോഗസ്ഥയായ രജിത നടുറോട്ടില്‍ അപമാനിച്ചത്. മോഷണം പോയെന്ന് പറഞ്ഞ ഫോണ്‍ ഉദ്യോഗസ്ഥയുടെ ബാഗില്‍ തന്നെ ഉണ്ടെന്ന് പിന്നീട് കണ്ടെത്തി. എന്നിട്ടും നാട്ടുകാരുടെ മുന്നില്‍ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയാണ് ചെയ്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.ഗുരുതരമായ തെറ്റു ചെയ്തെന്ന് വ്യക്തമായെങ്കിലും പൊലീസ് ഉദ്യോഗസ്ഥയെ കൊല്ലത്തേക്ക് സ്ഥലം മാറ്റി നടപടികള്‍ അവസാനിപ്പിച്ചു. സംഭവത്തില്‍ ബാലാവകാശകമ്മീഷന് നേരത്തേ ഇടപെട്ടിരുന്നു.പൊലീസ് ഉദ്യോഗസ്ഥയെ യൂണിഫോം ധരിച്ചുള്ള ജോലികളില്‍ നിന്ന് ഒഴിവാക്കണമെന്ന് എസ് സി എസ് ടി കമ്മീഷനും പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.