കൊച്ചി: പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ടുവയസ്സുകാരിയെയും പിതാവിനെയും പരസ്യമായി അവഹേളിച്ചെന്ന സംഭവത്തില്‍ നഷ്ടപരിഹാരമായി 50000 രൂപ നല്‍കാന്‍ തയാറാണെന്ന് ആരോപണ വിധേയയായ ഉദ്യോഗസ്ഥ ഹൈക്കോടതിയില്‍ അറിയിച്ചു.പെണ്‍കുട്ടിയുടെ പിതാവിന്റെ അക്കൗണ്ട് നമ്ബര്‍ കൈമാറാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടു.കേസില്‍ പെണ്‍കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരവും കോടതി നടപടി ചെലവിലേക്കായി 25,000 രൂപയും നല്‍കാന്‍ നിര്‍ദേശിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. സാമ്ബത്തിക പ്രശ്നങ്ങള്‍മൂലം നഷ്ടപരിഹാര തുക കുറയ്ക്കാനാകുമോ എന്ന് ഉദ്യോഗസ്ഥ ആരാഞ്ഞിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ പിതാവ് എതിര്‍പ്പ് അറിയിച്ചു.തുടര്‍ന്ന് അപ്പീല്‍ വിശദ വാദത്തിനായി അടുത്ത മാസം അവസാനം പരിഗണിക്കാന്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് മാറ്റി. പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചയ്ക്ക് സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കണമെന്ന വിധി നിയമപരമായി നിലനില്‍ക്കില്ലെന്നാണു സര്‍ക്കാര്‍ വാദം. നഷ്ടപരിഹാരം നല്‍കാന്‍ തയാറാണെന്നും എന്നാല്‍ ഇത് പൊലീസ് ഉദ്യോഗസ്ഥയില്‍ നിന്ന് ഈടാക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.