ഇടുക്കി: ഇടുക്കിയിലെ പൂട്ടിക്കിടക്കുന്ന തേയിലത്തോട്ടങ്ങളില്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ഒരാഴ്ചക്കുള്ളില്‍ നല്കി തുടങ്ങും. വർഷങ്ങളായി മുടങ്ങിക്കിടന്ന ഗ്രാറ്റുവിറ്റി സുപ്രീം കോടതി ഇടപെടലിനെ തുടർന്നാണ് വിതരണം ചെയ്യുന്നത്. ചീഫ് പ്ലാൻ്റേഷൻ ഇൻസ്പെക്ടറുടെ ഓഫീസില്‍ നടന്ന യോഗത്തിലാണ് ഇതിനുള്ള തിരുമാനം എടുത്തത്. ഇടുക്കിയില്‍ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന പീരുമേട് ടീ കമ്പനി, എം.എം ജെ പ്ലാൻറേഷൻസ് , പ്രതിസന്ധിയിലും പ്രവർത്തിക്കുന്ന മ്ലാമല എന്നീ തോട്ടങ്ങളില്‍ നിന്നും പിരിഞ്ഞ തൊഴിലാളികള്‍ക്കാണ് ഗ്രാറ്റുവിറ്റി നല്‍കുന്നത്. കമ്പനികള്‍ അംഗീകരിച്ച 5.4 കോടി രൂപയാണ് ഇപ്പോള്‍ നല്‍കുക. തൊഴിലാളിക്ക് നല്‍കാനുള്ള തുക പീരുമേട് ടീ കമ്പനി അടക്കാത്തതിനെ തുടർന്ന് രണ്ടു കോടി എട്ടു ലക്ഷം രൂപ സർക്കാരാണ് ലേബർ കമ്മീഷണറുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചത്.
മ്ലാമല എസ്റ്റേറ്റ് ഒരു കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം രൂപയും, എം.എം.ജെ. ഒരു കോടി അറുപത്തി മൂന്ന് ലക്ഷവും അടച്ചിട്ടുണ്ട്. തോട്ടം തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി കുടിശ്ശിക ആറ് മാസത്തിനകം കൊടുക്കാൻ സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് രണ്ടു മാസം മുൻപ് ഉത്തരവിട്ടിരുന്നു. തൊഴിലാളികളുടെ അക്കൗണ്ടില്‍ ഗ്രാറ്റുവിറ്റി തുക നിക്ഷേപിക്കാനാണ് കോടതി നിർദേശം. സുപ്രീം കോടതി നിയമിച്ച ഏകാംഗ കമ്മിഷന്റെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ചായിരുന്നു ഉത്തരവ്. എന്നാല്‍, കമ്മിഷൻ കണ്ടെത്തിയ ഗ്രാറ്റുവിറ്റി കുടിശ്ശിക തോട്ടം മാനേജ്മെന്റുകള്‍ നല്കിയ കണക്കിനേക്കാള്‍ കൂടുതലാണ്. തൊഴിലാളികള്‍ക്ക് 28 കോടി 12 ലക്ഷത്തിലധികം രൂപ ഗ്രാറ്റുവിറ്റി കുടിശിക ഉണ്ടെന്നാണ് കമ്മീഷൻ കണ്ടെത്തിയത്. ഇത് കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ തോട്ടം മാനേജ്മെന്റ് സമർപ്പിച്ച തുക നല്‍കാനാണ് ഇപ്പോള്‍ ഉത്തരവിട്ടത്. കമ്മിഷൻ സമർപ്പിച്ച കണക്കാണ് ശരിയെന്ന് കണ്ടെത്തിയാല്‍ ബാക്കിയുള്ള തുക കോടതി നിശ്ചയിക്കുന്ന പലിശ സഹിതം ഉടമകള്‍ നല്‍കണം. ഇൻറർ നാഷണല്‍ യൂണിയൻ ഓഫ് ഫുഡ് അഗ്രികള്‍ച്ചറല്‍ ആന്റ് അതേഴ്സ് എന്ന സംഘടന നല്കിയ ഹർജിയെ തുടർന്നാണ് ഗ്രാറ്റുവിറ്റി പ്രശ്നത്തില്‍ സുപ്രീം കോടതി ഇടപെട്ടത്.