കാസർകോട് : ഉപ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയുടെ മുടി പത്തോളം വരുന്ന സീനിയർ വിദ്യാർത്ഥികൾ ബലമായി മുറിച്ചുമാറ്റിയതായി പരാതി.
കഴിഞ്ഞ ചൊവ്വാഴ്ച സ്കൂളിന് സമീപത്തെ കഫ്റ്റീരിയയിൽവെച്ചാണ് മുടിമുറിച്ചത്. തിങ്കളാഴ്ച മുടി മുറിച്ചു വരണമെന്ന് പ്ലസ്ടു വിദ്യാർത്ഥികൾ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ മുടി വളർത്തുന്നതാണെന്നു പ്ലസ് വൺ വിദ്യാർത്ഥി അറിയിച്ചതോടെ ബലമായി മുറിച്ചു മാറ്റി. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. സ്കൂളിലേക്ക് പോകാൻ പേടിയാണെന്നും മുടി മുറിച്ചത് മാനസികമായി തളർത്തിയെന്നും റാഗിങിന് ഇരയായ കുട്ടി പറഞ്ഞു.
ദൃശ്യങ്ങളിലുള്ള പ്ലസ് ടു വിദ്യാർഥികളെ താത്കാലികമായി മാറ്റിയെന്നു സ്കൂൾ അധികൃതർ പറഞ്ഞു. ശനി രാവിലെ പത്തിന് രക്ഷിതാക്കളുടെയും സ്കൂൾ അധികൃതരുടെയും യോഗം നടക്കും. അതുനുസരിച്ചായിരുന്നു വിദ്യാർത്ഥികൾക്ക് എതിരെയുള്ള നടപടി. റാഗ് ചെയ്ത വിദ്യാർത്ഥികൾ ക്ലാസിൽവന്നിട്ടില്ല. സംഭവം ഗൗരവപരമായി കാണുന്നുവെന്നും പ്രിൻസിപ്പലിന്റെ ചാർജുള്ള സജീഷ് പറഞ്ഞു. സംഭവത്തിൽ കുട്ടിയുടെ പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിക്കുന്നതനുസരിച്ച് പോലീസിനെ സമീപിക്കും. ഇവരുടെ രക്ഷിതാക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും സംഭവത്തിൽ നടപടിയുണ്ടാകുമെന്നും സജീഷ് അറിയിച്ചു.സംഭവം അറിഞ്ഞു പോലീസ് സ്കൂളിൽ എത്തി വിവരങ്ങൾ ശേഖരിച്ചു.അതിനിടെ, ഉപ്പളയ്ക്ക് സമീപത്തെ ബേക്കൂർ സ്കൂളിലും സമാന സംഭവം നടന്നതായി നാട്ടുകാർ ആരോപിച്ചു. ബേക്കൂർ സ്കൂളിൽ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ ചെരിപ്പുകൾ കൈയിൽ തൂക്കി നടത്തിക്കുകയും നൃത്തം ചെയ്യിപ്പിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.