കൊച്ചി : സംസ്ഥാനത്തെ പൊലീസ് സേനയിലെ ഒരു ഉദ്യോഗസ്ഥനെ കൂടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പിറവം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവില്‍ പൊലീസ് ഓഫീസർ രാമമംഗലം സ്വദേശിയായ ബിജുവിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അയല്‍വാസികളാണ് ബിജുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണത്തില്‍ അസ്വാഭാവികതകളില്ലെന്നും വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് സൂചന.കഴിഞ്ഞ ദിവസമാണ് അരീക്കോട്ടെ സ്‌പെഷ്യല്‍ പൊലീസ് ക്യാമ്പിൽ പൊലീസുകാരൻ നിറയൊഴിച്ച് ജീവനൊടുക്കിയത്. പിന്നാലെയാണ് പൊലീസില്‍ വീണ്ടും ആത്മഹത്യ.
സ്പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പ് കമാൻഡോ ആയിരുന്നു. അവധി ലഭിക്കാത്തതു മൂലമുള്ള മാനസിക സംഘർഷമാണ് മരണകാരണമെന്ന് സഹപ്രവർത്തകർ ആരോപിച്ചിരുന്നു. ഭാര്യയും ഒരു മകനുമുണ്ട്. ഭാര്യ മൂന്നുമാസം ഗർഭിണിയാണ്. തലയ്ക്കു വെടിയേറ്റ നിലയില്‍ ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സഹപ്രവർത്തകർ വിനീതിനെ ആശുപത്രിയില്‍ എത്തിച്ചത്. ഉടനെ മരണം സ്ഥിരീകരിച്ചുവെന്ന് പോലീസറിയിച്ചു.അതിനിടെ, ശാരീരികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ നിരാശയാലാണ് പോലീസുകാരൻ ആത്മഹത്യ ചെയ്തതെന്ന് കരുതുന്നതായി മലപ്പുറം പോലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞിരുന്നു. മേലുദ്യോഗസ്ഥരുടെ പീഡനവും ലീവ് നിഷേധവുമാണ് ആത്മഹത്യക്ക് കാരണമെന്ന ആരോപണമുയർന്ന സാഹചര്യത്തിലാണ് എസ്.പി. മാധ്യമങ്ങളെ കണ്ടത്. കടുത്ത ശാരീരികക്ഷമത ആവശ്യമുള്ള സേനാവിഭാഗത്തിലാണ് വിനീത് ജോലിചെയ്യുന്നത്.2011-ല്‍ ജോലിയില്‍ ചേർന്ന വിനീത് ഒട്ടേറേ മുന്നേറ്റങ്ങളുടെ ഭാഗമായിട്ടുണ്ട്. ഇവർക്ക് ഇടക്കിടെ റിഫ്രഷർ കോഴ്സുകള്‍ ഉണ്ടാവും. അതിലെ ശാരീരികക്ഷമതാ പരീക്ഷയില്‍ അഞ്ചുകിലോമീറ്റർ 25 മിനിറ്റുകൊണ്ട് ഓടിയെത്തേണ്ടതുണ്ട്. അതില്‍ 30 സെക്കൻഡിന്റെ വ്യത്യാസത്തില്‍ വിനീത് പരാജയപ്പെട്ടു. ഇതിന്റെ മാനസിക വിഷമമാവാം ഇത്തരത്തിലൊരു കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് എസ്.പി. പറഞ്ഞത്. സംഭവം വിശദമായി അന്വേഷിക്കാൻ കൊണ്ടോട്ടി ഡിവൈ.എസ്.പി. സേതുവിനെ ചുമതലപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞിരുന്നു.