ചെന്നൈ: തമിഴ്നാട് ബിഎസ്പി അധ്യക്ഷന്‍ കെ ആംസ്ട്രോങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ തമിഴ് ചലച്ചിത്ര സംവിധായകന് നെല്‍സണ്‍ ദിലീപ്കുമാറിനെ പൊലീസ് ചോദ്യം ചെയ്തു. ചെന്നൈ അടയാറിലെ വീട്ടിലെത്തി ഒരുമണിക്കൂറോളമാണ് അന്വേഷണസംഘം നെല്‍സണെ ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നെല്‍സന്റെ ഭാര്യയും അഭിഭാഷകയുമായ മോനിഷയെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു.
ആംസ്ട്രോങ്ങ് കൊലക്കേസില്‍ തങ്ങള്‍ തേടുന്ന ഗുണ്ട സെമ്പോ സെന്തിലുമായി അടുപ്പമുള്ള അഭിഭാഷകന് മൊട്ടൈ കൃഷ്ണനുമായി മോനിഷ സ്ഥിരം സംസാരിച്ചിരുന്നുവെന്നത് പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ആംസ്ട്രോങ്ങ് കൊല്ലപ്പെട്ട ജൂലൈ 5 ന് ശേഷം മൊട്ടൈ കൃഷ്ണന് മോനിഷയെ ഫോണില്‍ വിളിച്ചിരുന്നതായും ഇയാളുടെ കോള്‍ ഹിസ്റ്ററി പരിശോധിച്ചതില്‍ നിന്നും പൊലീസ് മനസിലാക്കി. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. എന്നാല്‍ മൊട്ടൈ കൃഷ്ണനെ സംരക്ഷിക്കുന്നുവെന്നും ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് താന്‍ 75 ലക്ഷം അയച്ചുവെന്നുമുള്ള ആരോപണം നിഷേധിച്ച് മോനിഷ രംഗത്തെത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ മാസമാണ് തമിഴ്നാട് ബിഎസ്പി അധ്യക്ഷൻ കെ ആംസ്ട്രോങ്ങ് കൊല്ലപ്പെട്ടത്. ചെന്നൈയിലെ വീടിന് സമീപം ബിഎസ്പി പ്രവർത്തകർക്കൊപ്പം നില്കുമ്പോഴാണ് ബൈക്കുകളില്‍ എത്തിയ ആറംഗ സംഘം ആംസ്ട്രോങ്ങിനെ വെട്ടിക്കൊന്നത്. കഴിഞ്ഞ വർഷം കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് ആർക്കോട്ട് സുരേഷിന്റെ സഹോദരൻ ബാലു അടക്കം 11പേര് കൊലപാതകത്തിന് പിന്നാലെ അറസ്റ്റിലായിരുന്നു.
ഭൂമിയിടപാടിലെ തർക്കത്തിന് പിന്നാലെ ആംസ്ട്രോങ്ങിനെതിരെ നിരവധി പേർക്ക് പകയുണ്ടായിരുന്നതായാണ് പൊലീസ് വിശദമാക്കുന്നത്. ഇതിനോടകം ഡിഎംകെ, ബിജെപി, എഐഎഡിഎംകെ, ടിഎംസ് (എം) അടക്കമുള്ള പാർട്ടികളുമായി ബന്ധമുള്ളവരെ ആംസ്ട്രോങ്ങിന്റെ കൊലപാതകത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുൻ ഹോം ഗാർഡ് ആയിരുന്ന ടി പ്രദീപ്, അഭിഭാഷകനായ ബി ശിവ എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.