കണ്ണൂർ: പി വി അൻവർ അടക്കം ഉയർത്തിയ ആരോപണങ്ങളോട് ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. പാർട്ടിയുമായി ആലോചിച്ച് അൻവറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി ശശി പ്രതികരിച്ചു. അൻവറിന്റെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് എല്ലാം മുഖ്യമന്ത്രിയും പാർട്ടിയും പറയും. പാർട്ടിയും മുഖ്യമന്ത്രിയും പറയുന്നതിന് അപ്പുറം വ്യക്തിപരമായി ഒന്നും പറയാനില്ലെന്നും ശശിയുടെ വിശദീകരിച്ചു.
‘അൻവർ എന്തും പുറത്ത് വിട്ടോട്ടെ, അൻവർ അറ്റാക്ക് ചെയ്താലും കുഴപ്പമില്ല’. നിങ്ങള്‍ (മാധ്യമങ്ങള്‍) എന്തിനാണ് എന്നെ അറ്റാക്ക് ചെയ്യുന്നതെന്നായിരുന്നു ശശിയുടെ ചോദ്യം. എത്ര ഗുരുതര ആരോപണമാണെങ്കിലും കൂടുതല്‍ ഒന്നും പറയാനില്ലെന്നും ശശി കൂട്ടിച്ചേർത്തു. കണ്ണൂരില്‍ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണത്തില്‍ പങ്കെടുത്ത് മടങ്ങവേയാണ് പ്രതികരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനിടെ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ സിപിഎം സെക്രട്ടറിക്ക് നല്‍കിയ പരാതി പിവി അൻവർ പുറത്തുവിട്ടു. സ്വർണ്ണക്കടത്തിന്റെ പങ്ക് പറ്റുന്നുവെന്നും കേസുകളില്‍ ഒത്ത് തീർപ്പുണ്ടാക്കി ലക്ഷങ്ങള്‍ കൈപ്പറ്റുന്നു എന്നതടക്കം ഗുരുതര ആക്ഷേപങ്ങളാണ് ശശിക്കെതിരെ പരാതിയില്‍ അൻവർ ഉന്നയിക്കുന്നത്.