കൊച്ചി : പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർഥന്‍റെ മരണത്തില്‍ പ്രതികളായ വിദ്യാർത്ഥികള്‍ക്ക് ഉപാധികളോടെ ജാമ്യം. ജസ്റ്റിസ് ഡയസാണ് സിബിഐയുടെ എതിർപ്പ് തളളി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. റാഗിങ്, ആത്മഹത്യാപ്രേരണ, മർദനം, ഗൂഢാലോചന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. സിദ്ധാർത്ഥന്റെ മാതാവ് ഷീബ ജാമ്യപേക്ഷയെ എതിർത്തിരുന്നു. പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർഥിയായിരുന്ന സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ടാണ് എട്ടു വിദ്യാർഥികളെയാണ് അറസ്റ്റ് ചെയ്തിട്ടുളളത്.
പ്രാഥമിക കുറ്റപത്രം സമർപ്പിച്ചെന്നും ജാമ്യം നല്‍കരുതെന്നും കോടതിയെ സിബിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജാമ്യം തടയുകയെന്ന ലക്ഷ്യത്തോടെയുളള കുറ്റപത്രം നിയമപരമല്ലെന്നാണ് പ്രതിഭാഗം വാദം. സിദ്ധാർത്ഥിനെതിരെ നടന്നത് ആള്‍ക്കൂട്ട വിചാരണയാണെന്നും അടിയന്തര വൈദ്യ സഹായംപോലും നല്‍കിയില്ലെന്നും കുറ്റപത്രത്തില്‍ സിബിഐ ചൂണ്ടിക്കാട്ടുന്നു. തുടരന്വേഷണം നടക്കുകയാണെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നുമാണ് സിബിഐ നിലപാട്. മരണകാരണം കണ്ടെത്താൻ ദില്ലി എയിംസിലെ മെഡിക്കല്‍ ബോർഡിന്‍റെ വിദഗ്ധോപദേശം തേടിയിരിക്കുയാണ് സിബിഐ സംഘം.