ഇടുക്കി: പൂപ്പാറയില്‍ അതിഥി തൊഴിലാളിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. മധ്യപ്രദേശ് സ്വദേശി ഈശ്വറാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മധ്യപ്രദേശ് സ്വദേശിയായ പ്രേംസിംഗിനെ ശാന്തൻപാറ പൊലീസ് കസ്റ്റഡിയിലെടുത്തു.
പൂപ്പാറക്ക് സമീപം തലക്കുളത്തുള്ള ഏലത്തോട്ടത്തിലാണ് സംഭവം. ഇന്നലെ രാത്രി 11 മണിയോടെയാണ് ഈശ്വറും പ്രേംസിംഗും തമ്മില്‍ താമസ സ്ഥലത്തു വച്ച് വാക്കേറ്റമുണ്ടായത്. വാക്കേറ്റത്തെ തുടർന്നുണ്ടായ കയ്യാങ്കളിക്കിടെ ഈശ്വറിനെ പ്രേം സിംഗ് കല്ലുകൊണ്ടും വടികൊണ്ടും മർദ്ദിച്ചു.
ശബ്ദം കേട്ട് ഓടിയെത്തിയ സമീപത്ത് താമസിക്കുന്നവർക്കൊപ്പം പ്രേംസിംഗും ചേർന്നാണ് ഈശ്വറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തലക്കേറ്റ പരിക്ക് ഗുരുതരമായിരുന്നതിനാല്‍ ഈശ്വരനെ തേനി മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. യാത്രാ മധ്യേ ബോഡിനായ്ക്കന്നൂരില്‍ വച്ച് മരിച്ചു. തുടർന്ന് ശാന്തൻപാറ പോലീസ് പ്രേം സിംഗിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഘർഷത്തിനിടയാക്കിയ കാരണം കണ്ടെത്താൻ ദ്വിഭാഷിയുടെ സഹായത്തോടെ പ്രേംസിംഗിനെ ചോദ്യംചെയ്തു വരികയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാക്കു തർക്കത്തിനിടെ തലക്ക് അടിച്ചു എന്ന് മാത്രമാണ് പ്രേംസിംഗ് പൊലീസിനോട് പറഞ്ഞത്. ഈശ്വറിൻറെ മൊബൈല്‍ ഫോണും അടിച്ചു തകർത്തു. പ്രേംസിംഗിംൻറെ മകള്‍ കുറച്ചു നാളായി പൂപ്പാറയിലെ തോട്ടത്തില്‍ പണിയെടുക്കുന്നുണ്ട്. ജനുവരി അഞ്ചിന് സ്വദേശത്തേക്ക് പോയ ഇവർ ഇന്നലെയാണ് മടങ്ങിയെത്തിയത്.
കുഞ്ചിത്തണ്ണിയിലുള്ള മകൻറെ അടുത്തേക്ക് പോകാനാണ് പ്രേംസിംഗെത്തിയത്. ആദ്യ ഭാര്യ മരിച്ചതിനെ തുടർന്ന് കുറച്ചു നാള്‍ മുൻപ് ഇയാള്‍ വീണ്ടും വിവാഹം കഴിച്ചിരുന്നു.
മധ്യപ്രദേശില്‍ വച്ച് പ്രേംസിംഗും ഈശ്വറും തമ്മില്‍ എന്തെങ്കിലും തർക്കങ്ങളുണ്ടായിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. രാത്രിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ തുടർന്നുണ്ടായ തർക്കമാണോ കൊലപാതകത്തിനു കാരണമായതെന്നും അന്വേഷിക്കുന്നുണ്ട്. പ്രതിയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.