തിരുവനന്തപുരം: പോത്തന്‍കോട് കൊലപാതകത്തിലെ മുഖ്യപ്രതി പിടിയില്‍. ഒന്നാം പ്രതി സുധീഷ് ഉണ്ണിയും മൂന്നാം പ്രതി ശ്യാമുമാണ് ഇന്ന് പിടിയിലായത്. ഇരുവരും കൊലപാതകം നടത്തിയ ശേഷം തമിഴ്നാട്ടിലേക്ക് ഒളിവില്‍ പോയിരുന്നു. മൂന്നാം പ്രതി ശ്യാം കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാ സഹോദരനാണ്. ഇരുവരും പോത്തന്‍കോട് തിരിച്ചെത്തിയപ്പോഴാണ് പിടിയിലായത്.
കൊലയ്ക്ക് പിന്നില്‍ ഗുണ്ടാപ്പകയാണെന്ന് റൂറല്‍ എസ് പി പി.കെ. മധു വ്യക്തമാക്കിയിരുന്നു. കൊലപാതകം നടത്തിയത് 11 പേര് ചേര്‍ന്നാണെന്നും പൊലീസ് അറിയിച്ചു. ബൈക്കുകളിലും ഓട്ടോയിലുമായി എത്തിയ സംഘം സുധീഷിനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുവീട്ടിലേക്ക് ഓടിയ സുധീഷിനെ സംഘം പിന്തുടര്ന്ന് ആക്രമിക്കുകയും കാല് വെട്ടിയെടുത്ത് റോഡിലുപേക്ഷിക്കുകയും ചെയ്തു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സുധീഷിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല.