റെക്കോഡുകള്‍ ഭേദിച്ച് നാഗ് അശ്വിന് സംവിധാനം ചെയ്ത പ്രഭാസ് ചിത്രം കല്‍ക്കി തിയറ്ററുകളില്‍ കത്തിക്കയറുമ്പോള്‍ ഏറെ ചര്‍ച്ചയാവുകയാണ് പ്രഭാസിന്റെ അഭിനയ മികവ്. ബാഹുബലിക്ക് ശേഷം താരത്തെ ഇത്ര ത്രസരിപ്പോടെ തിരശീലയില്‍ കണ്ടിട്ടില്ലെന്ന അഭിപ്രായമാണ് ഭൂരിഭാഗം മലയാളി സിനിമാപ്രേമികള്‍ക്കും. ചിത്രത്തിന്റെ ക്ലൈമാക്സിനോട് ചേര്‍ന്ന് താരം കാഴ്ച്ച വെക്കുന്ന പ്രകടനം നാളിതുവരെ കണ്ടതില്‍ നിന്ന് വിഭിന്നമായിരുന്നു. ഇതിഹാസ കഥാപാത്രത്തിന് എന്തുകൊണ്ടും യോജിച്ച താരം പ്രഭാസ് തന്നെയാണെന്ന അഭിപ്രായവും ഇപ്പോള്‍ ഉയരുന്നുണ്ട്. തിളക്കമാര്‍ന്ന പ്രകടനം കല്‍ക്കിയില്‍ കാഴ്ച്ച വെച്ച പ്രഭാസ് തിയറ്ററുകളില്‍ ആരാധകരുടെ കൈയടി നേടുന്നുണ്ട്. ബാഹുബലിയിലൂടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയ പ്രഭാസിനെ നെഞ്ചിലേറ്റിയ ആരാധകരെ ആവേശം കൊള്ളിപ്പിക്കുന്ന പ്രകടനമായിരുന്നു കല്‍ക്കിയില്‍ താരത്തിന്റേത്. സിനിമാ നിരീക്ഷകര്‍ പോലും ഒരുപോലെ പറഞ്ഞു- പ്രഭാസ് തിരികെ എത്തി. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്നാണ് കല്‍ക്കിക്ക് ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ചിട്ടുള്ളത്.
ഈ ചരിത്ര വിജയത്തിലൂടെ വീണ്ടും തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുയാണ് പ്രഭാസ്. ബാഹുബലി രണ്ടാം ഭാഗത്തിന്റെ വിജയത്തിന് ശേഷം ബോക്സ് ഓഫീസില്‍ അത്ര നല്ല പ്രകടനമായിരുന്നില്ല പ്രഭാസ് കാഴ്ച്ചവച്ചത്. സാഹോ, ആദിപുരുഷ്, രാധേശ്യാം തുടങ്ങിയ ചിത്രങ്ങളുടെ പരാജയത്തോടെ പ്രഭാസിന്റെ താരമൂല്യത്തിന് വലിയ ഇടിവ് സംഭവിച്ചിരുന്നു. പൃഥ്വിരാജും പ്രഭാസും മത്സരിച്ച് അഭിനയിച്ച സലാറി’ലൂടെയാണ് പ്രഭാസ് വീണ്ടും തന്റെ ശക്തകമായ തിരിച്ചു വരവ് നടത്തിയത്. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും ഗംഭീരമായ സാങ്കേതിക വിസ്മയമാണ് നാഗ് അശ്വിന് സംവിധാനം ചെയ്ത കല്‍ക്കിയിലൂടെ സിനിമ പ്രേമികള്‍ ആസ്വദിക്കുന്നത്. മഹാഭാരത യുദ്ധം നടന്ന് ആറായിരം വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇന്ത്യയാണ് വി.എഫ്.എക്സ് സാങ്കേതിക വിദ്യയിലൂടെ കല്‍ക്കിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. മഹാഭാരതകഥയുമായി പ്രത്യേകിച്ച് അശ്വത്ഥാമാവിന്റെ കഥയുമായി ബന്ധപ്പെടുത്തിയാണ് ചിത്രം മുന്നോട്ടുസഞ്ചരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അശ്വത്ഥാമാവുതന്നെയാണ് ചിത്രത്തിലെ മുഖ്യകഥാപാത്രവും. കല്‍ക്കിയുടെ ആദ്യപകുതിക്ക് ശേഷമാണ് പ്രഭാസിന്റെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ പ്രേക്ഷകര്‍ കാണുന്നത്. കേരളത്തിലെ പ്രഭാസ് ആരാധകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന ദൃശ്യവിരുന്നു തന്നെയാണ് കല്‍ക്കി.
ഭാഷാഭേദമന്യേ മികച്ച നടന്മാരെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളികള്‍. ഒരുപക്ഷേ അല്ലു അര്ജുന് ശേഷം മലയാളികള്‍ ഇത്ര കണ്ട് നെഞ്ചിലേറ്റിയ തെലുങ്ക് നടന് പ്രഭാസായിരിക്കും. പ്രഭാസ് ചുവടുറപ്പിച്ചിരിക്കുന്നത് തെലുങ്കിലാണെങ്കിലും അമരേന്ദ്ര ബാഹുബലിയെ നെഞ്ചിലേറ്റിയവരുടെ കൂട്ടത്തില്‍ മുന്‍പന്തിയില്‍ ഉണ്ടാകും മലയാളികള്‍. പെണ്‍കുട്ടികളുടെ പ്രണയനായകനും ആണ്‍കുട്ടികളുടെ ആക്ഷന്‍ ഹീറോയുമായി പ്രഭാസ് മാറിയത് വിരലിലെണ്ണാവുന്ന വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അവിടന്നങ്ങോട്ട് പ്രഭാസിനെ കാത്തിരുന്നത് ആരേയും അമ്പരപ്പിക്കുന്ന ഉയര്‍ച്ചയുടെ പടവുകളാണ്. ഇന്ത്യന്‍ സിനിമാലോകത്ത് തന്റെതായ ഇടം നേടിയ നടന്, നിലവില്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരില് ഒരാള്‍, ബിഗ് ബജറ്റ് സിനിമയിലൂടെ ആരാധകരെ സ്വന്തമാക്കിയ താരം എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് പ്രഭാസിന്.
‘ബാഹുബലി’ എന്ന കഥാപാത്രത്തിലൂടെ ലോക സിനിമയ്ക്ക് മുന്നില്‍ തന്നെ വിസ്മയമായി തീര്‍ന്ന ഈ നാല്‍പ്പത്തി നാല് കാരന് ഇന്ന് ലോകം മുഴുവന്‍ ആരാധകരുണ്ട്. കല്‍ക്കി തീയേറ്ററില്‍ കത്തിക്കയറുമ്പോള്‍ പ്രഭാസിന്റെ താരമൂല്യം വീണ്ടും കുതിച്ചുയരുകയാണ്. കല്‍ക്കിയിലെ മാസ് ആക്ഷന്‍ രംഗങ്ങളില്‍ പ്രഭാസ് മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.
ബാഹുബലിക്ക് ശേഷം ഇന്ത്യന്‍ ബോക്സോഫീസുകളില്‍ പ്രഭാസിന്റെ തേരോട്ടമാണ് കഴിഞ്ഞ മൂന്ന് ദിവസമായി കാണുന്നത്. തനിക്ക് നേരിട്ട വിമര്‍ശനങ്ങള്‍ക്ക് ‘കല്‍ക്കി 2898 എ.ഡി’ എന്ന ചിത്രത്തിലൂടെ കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് പ്രഭാസ്. സമീപകാലത്തെ എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ചുകൊണ്ട് കല്‍ക്കി കുതിക്കുകയാണ്. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ 3 ദിനങ്ങളില്‍ നിന്ന് മാത്രം ചിത്രം നേടിയിരിക്കുന്നത് 415 കോടിയാണ്. ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് ആദ്യ 3 ദിനം പിന്നിടുമ്പോള്‍ ഇന്ത്യയില്‍ നിന്ന് മാത്രം 220 കോടി രൂപയാണ് കല്‍ക്കി വാരികൂട്ടിയത്.