രാജ്യത്തെമ്പാടും ആരാധകരുള്ള താരമാണ് പ്രഭാസ്. അതുകൊണ്ടുതന്നെ പ്രഭാസിന്റെ പുതിയ സിനിമകളുടെ വിശേഷങ്ങൾക്കായി ആരാധകർ കാത്തുനിൽക്കാറുണ്ട്. മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രഭാസ് നായകനാകുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ചിത്രത്തിലെ പ്രഭാസിന്റെ കഥാപാത്രത്തെ കുറിച്ചാണ് പുതിയ റിപ്പോർട്ട്. ‘രാജ ഡിലക്സ്’ എന്നാണ് മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. പഴയ തിയറ്റർ ഉടമസ്ഥനായും പ്രേതമായും ഇരട്ടവേഷത്തിലാണ് ചിത്രത്തിൽ പ്രഭാസ് അഭിനയിക്കുക എന്നാണ് റിപ്പോർട്ട്. ഒരു ഹൊറർ കോമഡി ചിത്രമായിട്ടായിരിക്കും ‘രാജ ഡീലക്സ്’ എത്തുക. ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ‘സലാറും’ പ്രഭാസ് നായകനായി ഒരുങ്ങുന്നുണ്ട്. പൃഥ്വിരാജും ഒരു പ്രധാനപ്പെട്ട വേഷത്തിൽ അഭിനയിക്കുന്നു. ‘കെജിഎഫി’ലൂടെ രാജ്യത്തെ സ്റ്റാർ സംവിധായകനായ പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്നുവെന്നതിനാൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ‘സലാറി’നായി. ശ്രുതി ഹാസൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിൽ അഭിനയിക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കി പ്രഭാസ് നായകനാകുന്ന ചിത്രമാണ് ‘ആദിപുരുഷ്’. ഓം റൗട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2023 ജനുവരി 22ന് ആണ് ചിത്രം റിലീസ് ചെയ്യുക. ‘ആദിപുരുഷി’ൽ പ്രഭാസ് ‘രാഘവ’യാകുമ്പോൾ ‘ജാനകി’യായി അഭിനയിക്കുന്നത് കൃതി സനോൺ ആണ്. നെറ്റ്ഫ്ലിക്സ് ‘ആദിപുരുഷ്’ ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. 250 കോടി രൂപയ്ക്കാണ് ‘ആദിപുരുഷെ’ന്ന ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന് മൂവി ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. രാജ്യമൊട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ് ‘ആദിപുരുഷ്’.