ദില്ലി: ഹാസനിലെ എൻഡിഎ സ്ഥാനാർഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കും പിതാവ് രേവണ്ണയ്ക്കും സമൻസ്. ലൈംഗിക പീഡന പരാതിയിലും പുറത്ത് വന്ന ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ പ്രത്യേക അന്വേഷണ സംഘം സമൻസ് അയച്ചിരിക്കുന്നത്. സംഭവത്തെ തുടർന്ന് രാജ്യം വിട്ട പ്രജ്വലിനെ എങ്ങനെ തിരികെ എത്തിക്കുമെന്ന ആലോചനയിലാണ് അന്വേഷണ സംഘം. ഹോലെനരസിപുര സ്റ്റേഷനില്‍ പ്രജ്വലിനും രേവണ്ണയ്ക്കും എതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരകളായി എന്ന് കരുതപ്പെടുന്ന സ്ത്രീകളില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കല്‍ തുടരുകയാണ്. അന്വേഷണ സംഘത്തലവൻ എഡിജിപി ബി കെ സിംഗിന്റെ നേതൃത്വത്തിലാണ് മൊഴിയെടുപ്പ് പുരോഗമിക്കുന്നത്.