കോഴിക്കോട്: പാർട്ടിയെ തെറ്റിദ്ധരിപ്പിച്ചവരെ പുറത്തുകൊണ്ടുവരുമെന്ന് പിഎസ്‍സി കോഴ വിവാദത്തില്‍ ആരോപണവിധേയനായ പ്രമോദ് കോട്ടൂളി. വിവാദത്തെ തുടർന്ന് പ്രമോദിനെ സിപിഎം പുറത്താക്കിയിരുന്നു. പഴുതുകള്‍ അടച്ചുള്ള വിവരങ്ങളുമായി പരാതി നല്‍കുമെന്നും പ്രമോദ് പറഞ്ഞു. പിഎസ്‍സി റാങ്ക്ലിസ്റ്റില്‍ ഉള്ള ഭാര്യക്ക് കോഴിക്കോട് നിയമനം നല്‍കാൻ വേണ്ടി ശ്രീജിത്ത് നിരന്തരം വിളിച്ചിരുന്നു. എന്നാല്‍ പി എസ് സി നിയമനവുമായി ബന്ധപ്പെട്ടല്ല ശ്രീജിത്തുമായി സ്ഥല ഇടപാടിന് ശ്രമിച്ചതെന്നും സാമ്ബത്തിക പ്രതിസന്ധിയിലായ പാർട്ടി സഖാവിന്റെ സ്ഥലം വാങ്ങി സഹായിക്കാൻ ശ്രീജിത്തിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും പ്രമോദ് പറഞ്ഞു.
എന്നാല്‍ അത് തെറ്റിദ്ധരിക്കപ്പെട്ടു. ആരോഗ്യവകുപ്പ് മന്ത്രിയുമായും സെക്രട്ടറിയുമായുള്ള ബന്ധം പറഞ്ഞത് ശ്രീജിത്തിനെ സമാശ്വസിപ്പിക്കാൻ വേണ്ടിയാണ്. ശ്രീജിത്തുമായി ബന്ധം പാടില്ലെന്ന് ജില്ലാ കമ്മിറ്റി അംഗം പറഞ്ഞിരുന്നു. എന്നാല്‍ പിന്നീടും നേരില്‍ കാണണമെന്ന് ശ്രീജിത്ത് നിരന്തരം ആവശ്യപ്പെട്ടു. അങ്ങനെയാണ് നഗരത്തില്‍ വെച്ച് ഒരു ദിവസം കണ്ടത്. ശ്രീജിത്തിനെ വീട്ടില്‍ പോയി കണ്ടിട്ടില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ പ്രമോദ് തന്നെ കുടുക്കാൻ വലിയ ഗൂഢാലോചന നടന്നുവെന്നും ആരോപിച്ചു. ഒരു ജില്ലാ കമ്മിറ്റി അംഗവും ലോക്കല്‍ കമ്മിറ്റി അംഗവുമാണ് പിന്നില്‍ ഉള്ളത്. കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വരട്ടെ. വിവരങ്ങള്‍ പാർട്ടിക്ക് പുറത്തേക്ക് ചോർത്തി നല്‍കിയ ആള്‍ ചെയ്തത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണ്. അയാള്‍ക്ക് ഇനി ഉറക്കം ഉണ്ടാകില്ല. സാംസ്‌കാരിക പ്രവർത്തനം തുടരുമെന്നും സത്യം പുറത്തു വരുന്നത് വരെ നിയമപോരാട്ടം നടത്തുമെന്നും പ്രമോദ് കോട്ടൂളി പറഞ്ഞു.