ബിപിഎസ്‌സി പരീക്ഷാ ക്രമക്കേടിനെതിരെ അനിശ്ചിതകാല നിരാഹാര സമരം; ജൻ സൂരജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ അറസ്റ്റില്‍

പട്ന: ജൻ സൂരജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ അറസ്റ്റില്‍. ബിപിഎസ്‌സി പരീക്ഷാ ക്രമക്കേടിനെതിരെ പട്‌നയിലെ ഗാന്ധി മൈതാനിയില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നതിനിടെയാണ് അറസ്റ്റ്. പ്രശാന്ത് കിഷോറിനെ ആംബുലൻസില്‍ എയിംസിലേക്ക് കൊണ്ടുപോയി. നേരത്തെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നീക്കം ചെറുത്ത പ്രശാന്ത് കിഷോർ, മരണം വരെ നിരാഹാരം തുടരുമെന്ന് പ്രഖ്യാപിച്ചു. തുടർന്ന് പട്‌ന പൊലീസിന്‍റെ വൻ സംഘം എത്തിയാണ് പ്രശാന്ത് കിഷോറിനെ ഗാന്ധി മൈതാനിയില്‍ നിന്ന് മാറ്റിയത്.

Advertisements

ജനുവരി 2നാണ് പ്രശാന്ത് കിഷോർ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബി പി എസ്‌ സി) കഴിഞ്ഞ മാസം നടത്തിയ പ്രിലിമിനറി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. പരീക്ഷ റദ്ദാക്കണം, പുതിയ പരീക്ഷ നടത്തണം എന്നിവയാണ് ആവശ്യങ്ങള്‍. ചോദ്യപേപ്പർ ചോർച്ച ആരോപിച്ചാണ് പ്രതിഷേധം. ഡിസംബർ 13ന് നടന്ന ബിപിഎസ്‌സി പ്രിലിമിനറി പരീക്ഷയില്‍ ക്രമക്കേടുണ്ടെന്നാണ് ഉദ്യോഗാർത്ഥികളുടെ ആരോപണം. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാഴ്ചയിലേറെയായി ഉദ്യോഗാർത്ഥികള്‍ പ്രതിഷേധത്തിലാണ്. അതിനിടെയാണ് പ്രശാന്ത് കിഷോർ ഐക്യദാർഢ്യവുമായെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരീക്ഷ റദ്ദാക്കണമെന്ന് പ്രശാന്ത് കിഷോർ നേരത്തെ ബിഹാർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അനുകൂല തീരുമാനം ഉണ്ടാവാതിരുന്നതിനെ തുടർന്നാണ് നിരാഹാര സമരം പ്രഖ്യാപിച്ചത്. സമരം ചെയ്യുന്ന വിദ്യാർത്ഥികളെ കാണാൻ പോലും മുഖ്യമന്ത്രി നിതീഷ് കുമാർ തയ്യാറായില്ലെന്ന് പ്രശാന്ത് കിഷോർ വിമർശിച്ചു. സർക്കാർ വിദ്യാർത്ഥികളെ വഞ്ചിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചോദ്യപേപ്പർ ചോർച്ചയില്‍ ഉന്നത തല അന്വേഷണം നടത്തണമെന്നും പ്രശാന്ത് കിഷോർ ആവശ്യപ്പെട്ടു. പരീക്ഷാ ക്രമക്കേടിനെതിരെ നാളെ പട്ന ഹൈക്കോടതിയില്‍ ഹർജി നല്‍കുമെന്ന് പ്രശാന്ത് കിഷോർ വ്യക്തമാക്കിയിട്ടുണ്ട്.

Hot Topics

Related Articles