പ്രയാഗ്രാജ്: മഹാകുഭമേള സ്ഥലത്ത് വീണ്ടും അഗ്നിബാധ. പ്രയാഗ് രാജിലെ ശങ്കരാചാര്യ മാർഗിലെ സെക്ടർ 18ലാണ് വെള്ളിയാഴ്ച രാവിലെ അഗ്നിബാധയുണ്ടായത്. മേഖലയില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സംഭവത്തില്‍ ആളപായമില്ലെന്നാണ് പിടിഐയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ഓള്‍ഡ് ജിടി റോഡിലെ തുള്‍സി ചൌരയിലെ ക്യാംപിലാണ് അഗ്നിബാധയുണ്ടായതെന്നാണ് ഖാക് ചൌക് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ യോഗേഷ് ചതുർവേദി പ്രതികരിക്കുന്നത്.
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പൊലീസ് വിശദമാക്കി. തീ പൂർണമായി നിയന്ത്രിച്ച ശേഷം നാശനഷ്ടം വിലയിരുത്താമെന്നാണ് അധികൃതർ വിശദമാക്കുന്നത്. കുംഭമേള നടക്കുന്ന സ്ഥലത്തെ രണ്ടാമത്തെ അഗ്നിബാധയാണ് ഇത്. കഴിഞ്ഞമാസമുണ്ടായ അഗ്നിബാധയില്‍ 15 ടെന്റുകള്‍ കത്തിനശിച്ചിരുന്നു. ജനുവരി 29ന് മഹാകുംഭമേള സ്ഥലത്തുണ്ടായ തിക്കിലും തിരക്കിലും 30 പേർ മരിച്ചിരുന്നു.