മലയാളത്തില്‍ നിന്ന് ബോക്സ് ഓഫീസ് കളക്ഷനില്‍ നിര്‍ണായക നേട്ടത്തിലെത്തി നസ്‍ലെന്റെ പ്രേമലു. മലയാളത്തിന്റെ പുതിയ 100 കോടി ചിത്രമായിരിക്കുകയാണ് പ്രേമലു. മലയാളത്തില്‍ നിന്നുള്ള പ്രേമലു 100 കോടി ക്ലബില്‍ എത്തുമ്പോള്‍ പ്രധാന വേഷത്തില്‍ ഉള്ളത് യുവ താരങ്ങളാണ് എന്നതും പ്രധാനമാണ്. ബോളിവുഡിനെയടക്കം ഞെട്ടിച്ചാണ് പ്രേമലുവിന്റെ കുതിപ്പ്. മലയാളത്തില്‍ മാത്രമല്ല തെലുങ്കിലും മലയാള ചിത്രം പ്രേമലുവിന് വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ഹൈദരബാദിന്റെ പശ്ചാത്തലത്തലത്തിലുള്ള ഒരു കഥയായിരുന്നു ചിത്രത്തിന്റെ പ്രമേയം. പ്രേമലുവില്‍ അതിമനോഹരമായ ഒരു പ്രണയ കഥയായിരുന്നു അവതരിപ്പിച്ചത്. പുതുമ അനുഭവപ്പെടുത്തുന്ന ഒരു മലയാള ചിത്രമായി പ്രേമലുവിന് മാറാനായി എന്നതാണ് ബോക്സ് ഓഫീസിലും പ്രതിഫലിക്കുന്നത് എന്നു കരുതാം.
മമ്മൂട്ടിയുടെ ഭ്രമയുഗമടക്കമുള്ള വമ്പൻ മലയാള ചിത്രങ്ങള്‍ വിജയകരമായി പ്രദര്‍ശിപ്പിക്കവേ പ്രേമലു എത്തുകയും പെട്ടെന്ന് മലയാളി പ്രേക്ഷകരുടെ ഹൃദയം കവരുകയും ചെയ്‍തത് താരങ്ങളെയും അമ്പരപ്പിച്ചിരുന്നു. മമ്മൂട്ടിയുടെ ഭ്രമയുഗത്തിന് ഒരാഴ്‍ചയ്‍ക്ക് ശേഷം തിയറ്ററില്‍ എത്തിയ പ്രേമലു പിന്നീട് വൻ കുതിപ്പ് നടത്തുകയായിരുന്നു. റിലീസിന് ലഭിച്ച മികച്ച അഭിപ്രായം ചിത്രത്തിന് മുന്നോട്ടുള്ള കുതിപ്പില്‍ ഇന്ധനം പകരുന്നതായി. കുടുംബപ്രേക്ഷകരും പ്രേമലു ഏറ്റെടുത്തതോടെ കളക്ഷനില്‍ ചിത്രം അമ്പരപ്പിച്ചു. നസ്‍ലിനും മമിതയും പ്രേമലുവില്‍ പ്രധാന കഥാപാത്രങ്ങളായപ്പോള്‍ ഗിരീഷ് എ ഡി ആണ് സംവിധാനം ചെയ്‍തത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രേമലുവില്‍ പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നു. തമാശയ്‍ക്കും പ്രാധാന്യം നല്‍കിയ ഒരു ചിത്രമാണ് നസ്‍ലെന്റെ പ്രേമലു. പുതിയ കാലത്തിന് യോജിച്ച തരത്തിലുള്ളതായിരുന്നു ചിത്രത്തിലെ തമാശകള്‍ എന്നതും പ്രേമലുവിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കാൻ കാരണമായി.