ന്യൂഡൽഹി: ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2005 ല്‍ യുഎസ് വീസ നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നടപടി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനോടുള്ള അവഹേളനമായാണ് കാണുന്നത്. ജനാധിപത്യത്തെയും ഭാരതത്തെയുമാണ് അവഹേളിച്ചത്. വ്യാജ വാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു യുഎസ് നടപടിയെന്നും തന്റെ ആദ്യ പോഡോകാസ്റ്റില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
“അന്ന് ഞാൻ ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്നു. ഗോധ്ര സംഭവവുമായി ബന്ധപ്പെട്ട് നടന്ന നുണപ്രചാരണത്തിന്റെ അടിസ്ഥാനത്തിലാണ് യുഎസ് സർക്കാർ വീസ നിഷേധിച്ചത്. യുഎസ് വീസ നല്‍കാത്തത് വ്യക്തിപരമായി എന്നെ ബാധിച്ചിട്ടില്ല. എന്നാല്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനോടുള്ള അവഹേളമായാണ് ഇതിനെ കണ്ടത്. ജനാധിപത്യത്തെയും ഭാരതത്തെയുമാണ് അവർ അവഹേളിച്ചത്. അന്ന് ഞാൻ നടത്തിയ പത്രസമ്മേളനത്തില്‍ ഒറ്റക്കാര്യമേ പറഞ്ഞുള്ളൂ. “ഇനി ഇന്ത്യയുടെ സമയമാണ്. അമേരിക്കയുള്‍പ്പെടെയുള്ള ലോകം ഇന്ത്യയുടെ വീസയ്‌ക്ക് ക്യൂ നില്‍ക്കുന്ന ഒരു കാലമുണ്ടാകും “- പ്രധാനമന്ത്രി സ്മരിച്ചു. അത്തരം ഒരു സാഹചര്യം 2025 യാഥാർത്ഥ്യമായെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുഎസിന്റെ വീസാ നിഷേധം പിന്നീടുള്ള പ്രയാണത്തിന് ഊർജ്ജമാക്കി എന്നതാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് മനസ്സിലാകുന്നത്. സെരോദ സഹസ്ഥാപകൻ നിഖില്‍ കമ്മത്തിന്റെ പോഡ്കാസ്റ്റിലായിരുന്നു മോദിയുടെ വാക്കുകള്‍. ആദ്യമായാണ് ഒരു പോഡ്കാസ്റ്റ് ഷോയില്‍ പ്രധാനമന്ത്രി പങ്കെടുത്ത് സംസാരിക്കുന്നത്. രണ്ട് മണിക്കൂർ നീണ്ട പോഡ്‌കാസ്റ്റില്‍ പ്രധാനമന്ത്രി തന്റെ കുട്ടിക്കാലം, വിദ്യാഭ്യാസം, രാഷ്‌ട്രീയ പ്രവേശനം, തിരിച്ചടികള്‍, സ്രട്രെസ് മാനേജ്‌മെൻ്റ് തുടങ്ങിയ നിരവധി കാര്യങ്ങളെ കുറിച്ച് മനസ്സ് തുറക്കുന്നുണ്ട്. പോഡ്‌കാസ്റ്റ് ട്രെയിലർ പ്രധാനമന്ത്രി എക്സില്‍ പങ്കുവെച്ചിരുന്നു.