ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് മാർക്കോ. മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന പ്രത്യേകതയോടെ പുറത്തിറങ്ങിയ ചിത്രത്തിന് നേരെ ഏറെ വിമർശനങ്ങളും ഉയർന്നിരുന്നു. ഇപ്പോൾ ആ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് പൃഥ്വിരാജ്.
മാർക്കോ പോലുള്ള ഒരു സിനിമയിൽ ആളുകൾക്ക് പ്രശ്‌നമുണ്ടാകുന്നതിനോട് താൻ വിയോജിക്കുന്നു എന്നാണ് പൃഥ്വിരാജ് പറയുന്നത്. ആ സിനിമയുടെ അണിയറപ്രവർത്തകർ ഒരിക്കലും പ്രേക്ഷകരെ വിഡ്ഢികളാക്കിയിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അവർ ആദ്യം മുതൽക്കേ മോസ്റ്റ് വയലന്റ് മൂവി എന്ന രീതിയിലാണ് ആ സിനിമയെ മാർക്കറ്റ് ചെയ്തത്. എന്നിട്ടും എ സിനിമ പോയി കാണുകയും അതിനെക്കുറിച്ച് പരാതി പറയുകയും ചെയ്യുന്നതിൽ എന്താണ് കാര്യം എന്ന് പൃഥ്വിരാജ് ചോദിച്ചു. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മലയാള സിനിമകളിലെ വയലന്‍റ് രംഗങ്ങളും അവയെ അവതരിപ്പിക്കുന്ന രീതിയും സമൂഹത്തെ തെറ്റായി സ്വാധീനിക്കുന്നു എന്ന തരത്തിൽ ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. മാർക്കോ എന്ന ചിത്രം ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഒരു കറുത്ത അധ്യായമാണെന്നാണ് സംവിധായകനും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ എക്സിക്യുട്ടീവ് കമ്മിറ്റി അംഗവുമായ വി സി അഭിലാഷ് പ്രതികരിച്ചത്.
ചിത്രം ഒരുക്കിയവരുടെയും അത് ആഘോഷിച്ചവരുടെയും മനോനില പരിശോധിക്കപ്പെടുക തന്നെ വേണം. ഒരു സിനിമാപ്രവർത്തകനായ ശേഷം ഇതാദ്യമായാണ് ‘സിനിമ’യെന്ന പേരിലിറങ്ങിയ ഒന്നിനെ കുറിച്ച് നെഗറ്റീവായെന്തെങ്കിലും താൻ പറയുന്നത് എന്നും വി സി അഭിലാഷ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
സിനിമ കണ്ട അനുഭവത്തെക്കുറിച്ച് തെലുങ്ക് നടൻ കിരൺ അബ്ബാവരം നടത്തിയ പ്രതികരണവും വൈറലായിരുന്നു. അമിതമായ വയലൻസ് കാരണം തിയേറ്ററിൽ സിനിമ കണ്ട് പൂർത്തിയാക്കാനായില്ലെന്നും ഒപ്പമുണ്ടായിരുന്ന ഗർഭിണിയായ ഭാര്യക്ക് ചിത്രം കണ്ടുകൊണ്ടിരിക്കേ അസ്വസ്ഥതയനുഭവപ്പെട്ടതിനെ തുടർന്ന് തീരും മുന്നേ ഇറങ്ങിപ്പോവുകയായിരുന്നെന്നും കിരൺ പറഞ്ഞു. അതേസമയം മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്നും 100 കോടിയോളമാണ് നേടിയത്.