കൊച്ചി: ഫെബ്രുവരി മാസത്തെ മലയാളം സിനിമകളുടെ ബജറ്റും തിയേറ്റർ കളക്ഷനും പുറത്തുവിട്ട് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ഓരോ സിനിമയുടേയും ബജറ്റും കളക്ഷൻ തുകയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ടിട്ടുണ്ട്. ഈ കണക്കുകൾ പ്രകാരം കഴിഞ്ഞ മാസത്തെ മലയാളം സിനിമകളുടെ നിർമ്മാണ ചെലവ് 75 കോടിയില്‍ അധികമാണ്. എന്നാൽ തിയേറ്ററുകളിൽ നിന്ന് ആകെ തിരികെ ലഭിച്ചത് 23 കോടി 55 ലക്ഷം മാത്രമാണെന്നും അസോസിയേഷന്‍ പറയുന്നു.
കഴിഞ്ഞ മാസം പുറത്തിറങ്ങിയ 16 സിനിമകളുടെ കണക്കുകളാണ് പുറത്തു വിട്ടിരിക്കുന്നത്. ഇതിൽ 1.60 കോടി രൂപ മുതല്‍മുടക്കില്‍ നിർമിച്ച ലൗ ഡെയില്‍ എന്ന ചിത്രത്തിന് പതിനായിരം രൂപ മാത്രമാണ് തിയേറ്ററുകളിൽ നിന്ന് തിരികെ ലഭിച്ചത്. കുഞ്ചാക്കോ ബോബൻ നായകനായ ഓഫീസർ ഓൺ ഡ്യൂട്ടി എന്ന സിനിമയുടെ ബജറ്റ് 13 കോടിയാണെന്നും എന്നാൽ സിനിമ കേരളത്തിലെ തിയേറ്ററുകളിൽ നിന്നും 11 കോടിയാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ കണക്കുകള്‍ പറയുന്നു.