കൊച്ചി : എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചൂടുപിടിച്ചിരിക്കേ സംവിധായകൻ പൃഥ്വിരാജിന് പിന്തുണയറിയിച്ച് ഭാര്യയും നിർമാതാവുമായ സുപ്രിയാ മേനോന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി. എമ്പുരാന്റെ ആഗോള കളക്ഷൻ 200 കോടിയിലെത്തിയെന്ന പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് അവർ പൃഥ്വിരാജിന് പിന്തുണയുമായെത്തിയത്. പൃഥ്വിരാജും കുടുംബവും സമാനതകളില്ലാത്ത സൈബർ ആക്രമണം നേരിട്ടുകൊണ്ടിരിക്കേയാണ് സുപ്രിയയുടെ സോഷ്യൽ മീഡിയാ സ്റ്റോറി എത്തിയത്.പൃഥ്വിരാജ് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നാണ് അദ്ദേഹത്തെ പരാമർശിച്ചുകൊണ്ട് സുപ്രിയ എഴുതിയത്. പൃഥ്വിയെക്കുറിച്ചോർത്ത് അഭിമാനം തോന്നുന്നുവെന്നും അവർ കുറിച്ചു.
പൃഥ്വിരാജിന്റെ അമ്മകൂടിയായ നടി മല്ലിക സുകുമാരൻ താരത്തിന് പിന്തുണയുമായി എത്തിയിരുന്നു. തുടർന്ന് മല്ലികയ്ക്കും സുപ്രിയയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ എത്തിയിരുന്നു. സുപ്രിയ അർബൻ നക്സലാണെന്നും ആ അഹങ്കാരിയെ നിലയ്ക്ക് നിർത്താനാണ് അമ്മായിയമ്മ ശ്രമിക്കേണ്ടതെന്നുമായിരുന്നു ബി. ഗോപാലകൃഷ്ണൻ പറഞ്ഞത്. ഈ പരാമർശത്തിനെതിരെ കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളടക്കം രംഗത്തത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് ഉടൻ തിയേറ്ററുകളിലെത്തും. പുതിയ പതിപ്പിൽ രണ്ടു മിനിട്ട് എട്ടു സെക്കന്റ് ഭാഗങ്ങളാണ് നീക്കം ചെയ്തിരിക്കുന്നത്. . പ്രധാന വില്ലന്റെ ബജ്റംഗി എന്ന പേര് ബൽദേവ് എന്നാക്കുകയും എൻഐഎയുമായി ബന്ധപ്പെട്ട പരമാർശങ്ങൾ മ്യൂട്ട് ചെയ്യുകയും ചെയ്തതായി സെൻസർ രേഖയിൽ വ്യക്തമാക്കുന്നു. നന്ദി കാർഡിൽ നിന്ന് സുരേഷ് ഗോപിയുടെ പേരും ഐആർഎസ് ഉദ്യോഗസ്ഥനായ ജ്യോതിസ് മോഹന്റെ പേരും ഒഴിവാക്കി.