2024-ലെ ഡോൺ ബുക്‌സ് ബഷീർ പുരസ്‌കാരത്തിന് പ്രൊഫ. എസ് ശിവദാസ് അർഹനായി. മലയാള ബാലസാഹിത്യ രംഗത്ത് പ്രൊഫ. എസ് ശിവദാസിനോളം അംഗീകാരം നേടിയ, കുട്ടികളുടെ മനസ്സറിഞ്ഞ മറ്റൊരാളില്ല. അറുപതോളം വർഷങ്ങളായി വിദ്യാഭ്യാസരംഗത്തും ശാസ്ത്രപ്രചാരണരംഗത്തും ബാല(ശാസ്ത്ര) സാഹിത്യരംഗത്തും പ്രവർത്തിച്ച് മൗലീകമായ സംഭാവനകൾ നൽകിയ പരിചയസമ്പന്നൻ. ഇരുനൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവ്. ബാലസാഹിത്യ രംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്‌കാരമായ ‘ടാറ്റ ട്രസ്റ്റ് പരാഗ് ബിഗ് ലിറ്റിൽ ബുക്ക്’ അവാർഡ് ജേതാവ്.
സമഗ്ര സംഭാവനയ്ക്കാണ് അവാർഡ്. 25000രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ് 2025 മാർച്ച് ആദ്യവാരം സമർപ്പിക്കുമെന്ന് ഡോൺബുക്‌സ് പത്രാധിപ സമിതി അറിയിച്ചു. ഗവ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ജൂറി ചെയർമാനും, ഡോ. പോൾ മണലിൽ, ഡോ. ബാബു ചെറിയാൻ, കാർട്ടൂണിസ്റ്റ് പ്രസന്നൻ ആനിക്കാട് എന്നിവർ അംഗങ്ങളായുള്ള സമിതി ഏകകണ്ഠമായാണ് കുട്ടികളുടെ പ്രിയപ്പെട്ട ശിവദാസ് മാമനെ തെരഞ്ഞടുത്തത്.