തിരുവനന്തപുരം: പിഎസ്‍സിയുടെ മലയാളം ഹയർസെക്കൻഡറി പരീക്ഷക്കെതിരെ ഉദ്യോഗാർഥികളുടെ വ്യാപക പരാതി. പാഠ്യപദ്ധതിയില്‍ പറഞ്ഞതില്‍ നിന്ന് വളരെക്കുറച്ച് മാത്രമാണ് ചോദ്യപേപ്പറില്‍ ഉണ്ടായിരുന്നത്. പ്രാചീന സാഹിത്യം മുതല്‍ ഉത്തരധുനിക സാഹിത്യം വരെയായിരുന്നു ഉദ്യോഗാർഥികള്‍ക്ക് നല്‍കിയ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍, സിലബസിനോട് നീതിപുലർത്താത്ത ചോദ്യങ്ങളായിരുന്നെന്നാണ് പരീക്ഷ എഴുതാനെത്തിയവർ ആരോപിച്ചു.
രജനീകാന്ത് നായകനായ ‘ബാഷ’ എന്ന തമിഴ് സിനിമയുടെ സംവിധായകൻ ആര് എന്നതടക്കമുള്ള ചോദ്യങ്ങളാണ് വന്നത്. സുരേഷ് കൃഷ്ണ, ഭാരതീരാജ, സെല്‍വരാഘവൻ, ടി. രാജേന്ദ്രൻ എന്നിവയായിരുന്നു ഓപ്ഷനുകള്‍. ഏറ്റവും കൂടുതല്‍ക്കാലം ഒരേ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച സിനിമയേതെന്നതും ചോദ്യമായി വന്നു. സിലബസില്‍ ദക്ഷിണേന്ത്യൻ സിനിമയെ കുറിച്ച് ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പോപ്പുലർ സിനിമകളെ കുറിച്ച് സാധാരണ ചോദ്യങ്ങള്‍ ഉണ്ടാകാറില്ലെന്നും സാഹിത്യവും സമാന അവസ്ഥയായിരുന്നുവെന്നും ഉദ്യോഗാർഥികള്‍ ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. ഇതിനായി കമ്മീഷന് പരാതിയും നല്‍കി. ഈ വർഷം ഇതുവരെ 326 ചോദ്യങ്ങളാണ് പിഎസ്‍സി റദ്ദാക്കിയത്. ബിരുദം അടിസ്ഥാന യോഗ്യതയായുള്ള വിവിധ തസ്‌തികകളിലേക്ക് നടത്തിയ പൊതു പ്രിലിമിനറി പരീക്ഷയുടെ 3 ഘട്ടങ്ങളില്‍നിന്നു മാത്രം 32 ചോദ്യങ്ങള്‍ പിൻവലിച്ചു.