പാരീസ്: തിങ്ങി നിറഞ്ഞ സ്വന്തം കാണികളുടെ മുന്നിൽ തോൽവി മുന്നിൽക്കണ്ട പാരീസ് സെന്റ് ജെർമ്മനെ മെസി രക്ഷിച്ചു..! ഇൻജ്വറി ടൈമിന്റെ അവസാന നിമിഷം മെസി നേടിയ സുന്ദരൻ ഫ്രീക്കിക്ക് ഗോളിലാണ് ലോസ്‌കിനെ തോൽപ്പിച്ച് പിഎസ്ജി വിജയം സ്വന്തമാക്കിയത്. മെസിയും, എംബാപ്പെയും, നെയ്മറും അടങ്ങിയ പിഎസ്ജി മുന്നേറ്റ നിര ആദ്യം മുതൽ തന്നെ ആക്രമിച്ചു കളിക്കുകയായിരുന്നു.
ഇതിനുള്ള ഫലം പത്താം മിനിറ്റിൽ തന്നെ ലഭിക്കുകയും ചെയ്തു. എംബാപ്പെയുടെ കിടിലൻ ഗോളിൽ പിഎസ്ജി മുന്നിൽ. 16 ആം മിനിറ്റിൽ നെയ്മറുടെ ഗോളിലൂടെ ലീഡ് നില രണ്ടാക്കി ഉയർത്തി. എന്നാൽ, ഇതിനു ശേഷം പൊരുതിക്കയറിയ ലോസ്‌ക് 23 ആം മിനിറ്റിൽ ഡിക്കാന്റേയിലുടെ ഗോൾ മടക്കി. ആദ്യ പകുതിയിൽ അപകടമില്ലാതെ കളി അവസാനിപ്പിച്ച പി.എസ്ജിയ്ക്കു പക്ഷേ രണ്ടാം പകുതിയിൽ അടി തെറ്റി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാം പകുതിയിൽ കളി തുടങ്ങി നിമിഷങ്ങൾക്കകം 57 ആം മിനിറ്റിൽ ജെ.ഡേവിഡ് ഗോൾ മടക്കി. രണ്ട് ഗോൾ വീതം അടിച്ച് സമനില പിടിച്ചതിന്റെ ആത്മവിശ്വാസത്തിൽ ലോസ്‌ക് പൊരുതിക്കയറി. ഇതിനുള്ള ഫലം 68 ആം മിനിറ്റിൽ തന്നെ കണ്ടു. മധ്യവരയുടെ സമീപത്തു നിന്നും ഉയർത്തിക്കിട്ടിയ മനോഹരമായ ക്രോസിലെ ഫിനിഷ് ചെയ്ത് ബാംബ ലോസ്‌കിനെ മുന്നിലെത്തിച്ചു. പിന്നീട്, പൊരുതിക്കയറിയ പി.എസ്ജി പല തവണ അവസരങ്ങൾ തുറന്നെടുത്തെങ്കിലും ലോസ്‌ക് പ്രതിരോധം എല്ലാം ഛിന്നഭിന്നമാക്കി കളഞ്ഞു.
ഒടുവിൽ സാക്ഷാൽ മെസി തന്നെ ആക്രമണത്തിന് നേതൃത്വം നൽകി. പിന്നിലേയ്ക്ക് ഇറങ്ങി വന്ന മെസി നടത്തിയ നീക്കങ്ങൾ ദൗർഭാഗ്യം കൊണ്ടാണ് എംബാപ്പേയ്ക്കു ഫിനിഷ് ചെയ്യാനാവാതെ പോയത്. ഒടുവിൽ 86 ആം മിനിറ്റിൽ ടീമിന്റെ സുന്ദരമായ പാസിംങ് ഗെയിമിന് ഒടുവിൽ ബോക്‌സിനുള്ളിലേയ്ക്കു എംബാപ്പേ തെറുപ്പിച്ചു വിട്ട ഗോളിലൂടെ പി.എസ്ജി സമനില പിടിച്ചു. ഗോളിനായി ഇരമ്പിയാർത്തെത്തിയ മെസിയുടെ ആക്രമണത്തെ തടയാൻ തടയിട്ട ലോസ്‌ക് പ്രതിരോധക്കാരന് ബോക്‌സിനു മുന്നിൽ വച്ച് പിഴച്ചതോടെ ഫ്രീക്കിക്ക് പിഎസ്ജിയ്ക്കു ദാനമായി ലഭിച്ചു. തന്റെ ഇടംകാലിൽ നിന്നും വെടിയുണ്ട പോലെ ഗോൾപോസ്റ്റിന്റെ വലത് മൂലയിൽ ഇടിച്ച് പന്ത് വലയ്ക്കുള്ളിൽ. ഗോൾ കീപ്പറുടെ മുഴുനീള ഡൈവിന് പോലും പന്തിനെ തൊടാനായില്ല. തൊട്ടു പിന്നാലെ എത്തിയ ഫൈനൽ വിസിലിലൂടെ പിഎസ്ജിയ്ക്കു വിജയം.