അടൂർ :
ഫലപ്രാപ്തിയാണ് കരുതലും കൈത്താങ്ങും അദാലത്തിന്റെ മുഖമുദ്രയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അടൂര്‍ താലൂക്ക്തല അദാലത്ത് കണ്ണംകോട് സെയിന്റ് തോമസ് പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരിഹാരനടപടികളിലെ പുരോഗതിയും അവയ്ക്ക് ലഭിക്കുന്ന അംഗീകാരവുമാണ് അദാലത്ത് വീണ്ടും നടത്താന്‍ പ്രചോദനമായത്. നേരിട്ടുള്ള ജനസൗഹൃദ ഇടപെടലാണിത്. സമൂഹത്തിന്റെയാകെ പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുകയാണ് ഇവിടെ. എല്ലാ വകുപ്പുകളുമായും കൂട്ടായ്മയാണ് അദാലത്ത് സുഗമമാക്കുന്നത്. പരാതികള്‍ കുറയുന്നത് കാര്യപ്രാപ്തിക്ക് തെളിവാകുന്നു എന്നും മന്ത്രി പറഞ്ഞു.
മുഖ്യപ്രഭാഷണം നിര്‍വഹിച്ച വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് വകുപ്പുവേര്‍തിരിവില്ലാതെ അദാലത്തിലെത്തുന്ന മന്ത്രിമാരുടെ അധികാരവിസ്തൃതിയാണ് പ്രശ്നപരിഹാരം വേഗത്തിലാക്കുന്നത് എന്ന് വ്യക്തമാക്കി. എടുത്ത തീരുമാനം കൃത്യതയോടെ നടപ്പിലാക്കി ഗുണമേന്മയുള്ള ഭരണം എന്ന സര്‍ക്കാരിന്റെ ലക്ഷ്യമാണ് പ്രാവര്‍ത്തികമാക്കുന്നത്. സാങ്കേതിക വിദ്യയും മുന്‍ അദാലത്തുകളുടെ വിജയവുമാണ് പരാതികള്‍ കുറയുന്നതിന് ഇടയാക്കിയത്. ന്യായമായ എല്ലാത്തിലും സഹായിക്കണം എന്ന മനോഭാവം ഉദ്യോഗസ്ഥര്‍ക്കും ഉണ്ടാകണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, തദ്ദേശ സ്വയംഭരണ സ്ഥാപന ഭാരവാഹികളായ ആര്. തുളസീധരന്‍ പിള്ള, സുശീലകുഞ്ഞമ്മ കുറുപ്പ്, എസ്. രാജേന്ദ്രപ്രസാദ്, കൃഷ്ണകുമാര്‍, റോബിന് പീറ്റര്‍, ഉദയരശ്മി, എ.ഡി.എം ബി. ജ്യോതി, ആര്.ഡി.ഒ ബി.രാധാകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.