പത്തനംതിട്ട: സംസ്ഥാനത്ത് 24-ാം തീയതി വരെ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുള്ളതിനാല്‍ പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ അവിടെതന്നെ തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുമായി ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.ജില്ലാ കളക്ടര്‍ ചെയര്‍പേഴ്സനായിട്ടുള്ള ജില്ലാ ദുരന്തനിവാരണ അതോറിറ്റി കൃത്യമായ മുന്നൊരുക്കത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുവരുന്നത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജില്ലയിലെ മണ്ണിടിച്ചില്‍ ഉണ്ടാകാനിടയുള്ള 44 പ്രദേശങ്ങള്‍ കണ്ടെത്തി ഇവരെ ക്യാമ്പുകളിലേക്കെത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
ജില്ലയില്‍ 145 ക്യാമ്പുകളിലായി നിലവില്‍ 7,646 ആളുകള്‍ കഴിയുന്നതായും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
നിലവില്‍ പമ്പ, അച്ചന്‍കോവില്‍, മണിമലയാര്‍ എന്നിവിടങ്ങളിലെ ജലനിരപ്പ് അപകടകരമായ നിലയില്‍നിന്ന് താഴ്ന്നിട്ടുണ്ട്. പമ്പ, മണിമലയാര്‍ നദികളിലെ ജലനിരപ്പ് നിലവില്‍ വാണിംഗ് ലെവലിന് താഴെയാണുള്ളത്. അച്ചന്‍കോവില്‍ നദിയില്‍ ജലം നിലവില്‍ വാണിംഗ് ലെവലിന് മുകളിലാണെങ്കിലും ഡെയ്ഞ്ചര്‍ ലെവലിന് താഴെയാണുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കക്കി- ആനത്തോട്, പമ്പ ഡാമുകള്‍ തുറന്ന് വെള്ളം ഒഴുക്കിയെങ്കിലും നദികളിലെ ജലനിരപ്പ് കാര്യമായി ഉയര്‍ന്നില്ല. ജില്ലയില്‍ കഴിഞ്ഞദിവസം വൈകിട്ടും രാത്രിയിലുമായി ചില ഇടങ്ങളില്‍ മഴ ലഭിച്ചെങ്കിലും നദികളിലെ ജലനിരപ്പ് കാര്യമായി ഉയര്‍ന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കാര്യങ്ങള്‍ മുന്‍കൂട്ടി ഏകോപിപ്പിക്കാന്‍ കഴിഞ്ഞതിനാല്‍ മികച്ചരീതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടത്തുവാന്‍ കഴിഞ്ഞതായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ മന്ത്രിയെ അറിയിച്ചു. സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ പകുതിയും ജില്ലയിലാണ്. മഴ ശക്തമായി ആദ്യദിവസം തന്നെ 1300 പേരെ രക്ഷാപ്രവര്‍ത്തനത്തിലൂടെ ക്യാമ്പുകളില്‍ എത്തിക്കാന്‍ കഴിഞ്ഞു. എല്ലാ വകുപ്പുകളും മികച്ച രീതിയില്‍ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു.