പത്തനംതിട്ട; ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ കുടുംബങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) യോഗത്തിലാണ് ഇക്കാര്യം കളക്ടര്‍ നിര്‍ദേശിച്ചത്. ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട് ക്യാമ്പുകളില്‍ എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യ വകുപ്പ് അറിയിപ്പ് നല്‍കണം. എലിപ്പനി പോലെയുള്ള രോഗങ്ങള്‍ പിടിപെടാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണം. ക്യാമ്പുകളിലുള്ളവര്‍ക്ക് മറ്റ് രോഗലക്ഷണങ്ങള്‍ ഉണ്ടോ എന്നതുകൂടി വിലയിരുത്തണം. ക്യാമ്പുകളില്‍ നിന്നും കോവിഡ് രോഗലക്ഷണമുള്ളവരെ മാറ്റാനായി സജീകരിച്ചിട്ടുള്ള സ്ഥലങ്ങളിലേക്കോ ഡിസിസികളിലേക്കോ സിഎഫ്എല്‍ടിസികളിലേക്കോ മാറ്റാനുള്ള ക്രമീകരണം ഒരുക്കണം. വെള്ളപ്പൊക്കത്തില്‍ കെടുതികള്‍ സംഭവിച്ച സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധപ്രവര്‍ത്തകരുടെ സേവനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. സന്നദ്ധ പ്രവര്‍ത്തകര്‍ വാക്സിന് സ്വീകരിച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തണം.
രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കോവിഡ് പകരാതിരിക്കാന്‍ മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. സ്വകാര്യ ആശുപത്രികളില്‍ നിന്നും ക്യാമ്പുകളിലേക്ക് സഹായം ആവശ്യമെങ്കില്‍ അവ ലഭ്യമാക്കാവുന്നതാണ്. മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്. റാന്നി – കോന്നി പ്രദേശങ്ങളിലാണ് കൂടുതലായും പ്രവര്‍ത്തനം നടക്കുന്നത്. കുടിവെള്ളം ആവശ്യമായ ക്യാമ്പുകളില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. വെള്ളം ഇറങ്ങുന്ന മുറയ്ക്ക് ക്ലോറിനേഷന് ഊര്‍ജിതപ്പെടുത്തണമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ പോലീസ് മേധാവി ആര്.നിശാന്തിനി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, ഡിഡിപി കെ.ആര് സുമേഷ് എന്നിവര്‍ പങ്കെടുത്തു.