പത്തനംതിട്ട : ഇലന്തൂരിലെ ഇഎംഎസ് സഹകരണ ആശുപത്രി കുറഞ്ഞ കാലയളവിൽ നല്ല പേരും മികച്ച വളർച്ചയും കൈവരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് പഞ്ഞു. ഇഎംഎസ് സഹകരണ ആശുപത്രിയിൽ ഫിസിയോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആശുപത്രി മാനേജ്മെന്റ്, ഡോക്ടർമാർ, നഴ്സുമാർ, മറ്റു ജീവനക്കാർ എന്നിവരുടെ അക്ഷീണ പ്രയത്നവും സമർപ്പണവുമാണ് മാതൃകാപരമായ ഈ വളർച്ച കൈവരിച്ചതിനു പിന്നിൽ. ഫിസിയോ തെറാപ്പി യൂണിറ്റ് ആരംഭിച്ചതിന് പ്രത്യേക പ്രാധാന്യമുണ്ട്.
ചലന പരിമിതി പരിഹരിക്കുന്നതിന് ഫിസിയോ തെറാപ്പി വളരെ ഫലപ്രദമാണ്. ഒക്കുപേഷണൽ തെറാപ്പിക്ക് ആഗോളതലത്തിൽ തൊഴിൽ അവസരമുണ്ട്. മികച്ച ചികിത്സ ലഭ്യമാക്കുന്നതിനൊപ്പം ആളുകളുടെ സുസ്ഥിതിയും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ആർദ്രം പദ്ധതിയിലൂടെ ചികിത്സാ സേവന ഗുണനിലവാരം മികവുറ്റതാക്കാൻ സാധിച്ചിട്ടുണ്ട്. ജനങ്ങളെ നല്ല ആരോഗ്യമുള്ളവരാക്കി പരിരക്ഷിക്കുകയാണ് പ്രധാനം. സംസ്ഥാനത്ത് പുതുതായി 25 നഴ്സിംഗ് കോളജുകൾ ആരംഭിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സഹകരണ മേഖലയ്ക്ക് ഉൾപ്പെടെ ഇതിന്റെ ഗുണഫലം ലഭിക്കും. കേരളത്തിലെ ആരോഗ്യമേഖലയിൽ സഹകരണ പ്രസ്ഥാനം നൽകുന്ന സേവനം മഹത്തരമാണെന്നും മന്ത്രി പറഞ്ഞു. ഇഎംഎസ് സഹകരണ ആശുപത്രി ചെയർമാൻ പ്രൊഫ. ടി കെ ജി നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർമാൻ പി കെ ദേവാനന്ദൻ, മുൻ എംഎൽഎ കെ സി രാജഗോപാലൻ, സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ബോർഡ് അംഗങ്ങളായ ഡോ. പി സി ഇന്ദിര, ഡോ. കെ ജി സുരേഷ്, പി ആർ പ്രദീപ്, കെ ഗോപാലകൃഷ്ണൻ, കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എസ് നിർമ്മല ദേവി, മെഡിക്കൽ സൂപ്രണ്ട് ഡോ. നിയാസ് ഖാൻ, സ്പോർട്സ് ഫിസിയോ തെറാപ്പിസ്റ്റ് എസ് നിഷാദ്, ആശുപത്രി സെക്രട്ടറി അലൻ മാത്യു തോമസ് തുടങ്ങിയവർ സംസാരിച്ചു.