പത്തനംതിട്ട :
പ്ലാപ്പള്ളി – തുലാപ്പള്ളി – മുക്കൻ പെട്ടി – പമ്പാവാലി റോഡ് വികസനം ശബരിമല തീർത്ഥാടകർക്ക് ഏറെ സഹായകരമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ആധുനിക നിലവാരത്തിൽ പുനർനിർമ്മിച്ച റോഡിൻ്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. ശബരിമല പദ്ധതിയിൽ ഉൾപ്പെടുത്തി 6.5 കോടി രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്. എരുമേലിയിൽ നിന്നുള്ള തീർത്ഥാടകർക്ക് ഇതിലൂടെ സുഗമമായി എത്തിച്ചേരാൻ സാധിക്കും.
ഗവിയിലേക്കും വിനോദസഞ്ചാരികൾക്ക് അനായാസം യാത്ര സാധ്യമാകും. ബിഎം ബിസി നിലവാരത്തിൽ നിശ്ചയിച്ചതിലും നേരത്തെ നിർമാണം പൂർത്തിയാക്കി. ശബരിമല റോഡ് നവീകരണത്തിന് സർക്കാർ മുഖ്യപരിഗണന നൽകുന്നു.
ഒമ്പത് വർഷം കൊണ്ട് സംസ്ഥാനത്ത് പശ്ചാത്തല വികസനത്തിൽ വലിയ കുതിപ്പുണ്ടായി. 30,000 കിലോമീറ്റര്‍ പൊതുമരാമത്ത് റോഡുകളില്‍ 60 ശതമാനവും ബിഎംബിസി നിലവാരത്തിലുയര്‍ത്തി. വികസന പദ്ധതികൾ നടപ്പാക്കി ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിച്ചാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റാന്നി തുലാപ്പള്ളി മാർത്തോമ്മാ പാരീഷ് ഹാളിൽ നടന്ന ചടങ്ങിൽ പ്രമോദ് നാരായൺ എം എൽ എ അധ്യക്ഷനായി. പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തി. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. എസ്. ഗോപി, പെരുനാട് പഞ്ചായത്ത് പ്രസിഡൻ്റ് പി. എസ്. മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സി എസ് സുകുമാരൻ, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ റോമി ചിങ്ങം പറമ്പിൽ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.