പത്തനംതിട്ട: ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്ത്തകന് ധീരജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പത്തനംതിട്ട ജില്ലയില്‍ കോണ്‍ഗ്രസ്- കെ.എസ്.യു കൊടിമരങ്ങള്‍ നശിപ്പിച്ച് എസ്.എഫ്. ഐ പ്രവര്‍ത്തകര്‍. പത്തനംതിട്ട മുസലിയാര്‍ കോളേജിന് മുന്നിലാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. മുസലിയാര്‍ കോളേജില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും എതിരില്ലാതെ എസ്എഫ്ഐ വിജയിച്ചിരുന്നു. ഇതിനിടയിലാണ് ധീരജിന്റെ കൊലപാതക വിവരം എത്തുന്നത്. തുടര്‍ന്ന് വിജയാഹ്ലാദ പ്രകടനങ്ങള്‍ ഒഴിവാക്കി പ്രതിഷേധ പ്രകടനത്തിന് ഇറങ്ങുകയായിരുന്നു പ്രവര്‍ത്തകര്‍.
പത്തനംതിട്ട കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപതത്ത് നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് എസ്എഫ്ഐ ജില്ലാ സെക്രട്ടറി- ജോ. സെക്രട്ടറി എന്നിവരാണ് നേതൃത്വം നല്‍കിയത്.
പ്രതിഷേധത്തിനിടെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരുന്ന കെ.എസ്.യു – കോണ്‍ഗ്രസ് കൊടിമരങ്ങള്‍ പിഴുതെടുത്തും കൊടി തീയിട്ട് നശിപ്പിച്ചുമായിരുന്നു പ്രകടനം. പകരം ചോദിക്കുന്നെ മുദ്രാവാക്യം മുഴക്കി നടന്ന പ്രകടനം മുസലിയാര്‍ കോളേജിന് മുന്നിലാണ് അവസാനിച്ചത്. പ്രാദേശികമായി വിവിധ ഇടങ്ങളില്‍ പ്രതിഷേധ കാഹളം മുഴങ്ങുന്നുണ്ട്. ജില്ലയിലെ വിവിധ ക്യാമ്പസുകളില്‍ പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.