ഹൈദരാബാദ്: സ്വന്തം മൈതാനത്ത് സ്വന്തം ബൗളറോഡ് പഞ്ചാബ് ചെയ്ത കൊലച്ചതിയ്ക്ക് ഹെഡും അഭിഷേകും കരുതിക്കൂട്ടിയാണ് ഇറങ്ങിയത്. ഷമിയോട് നാല് ഓവറിൽ 75 റണ്ണടിച്ച പഞ്ചാബ് ബാറ്റർമാരുടെ ബൗളർമാരിൽ കയ്യിൽക്കിട്ടിയവരെയെല്ലാം തല്ലിച്ചതച്ച്, ചവിട്ടിമെതിച്ചാണ് ഹെഡും അഭിഷേകും അഴിഞ്ഞാടിയത്. 54 പന്തിൽ 10 സിക്സും, 14 ഫോറും അടിച്ചു കസറിയ അഭിഷേക് 141 റണ്ണാണ് അടിച്ചു കൂട്ടിയത്. 37 പന്തിൽ മൂന്നു സിക്സും ആറു ഫോറുമായി ഹെഡ് 66 റണ്ണും വാരിക്കൂട്ടി. സ്കോർ: പഞ്ചാബ് : 245/6. ഹൈദരാബാദ്: 247/2.
ടോസ് നേടിയ പഞ്ചാബ് ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. വെടിക്കെട്ടുകാരാണ് തൊട്ടപ്പുറത്ത് നിൽക്കുന്നതെന്ന് തിരിച്ചറിഞ്ഞ പഞ്ചാബ് ഓപ്പണർമാരാണ് കമ്പക്കെട്ടിന് തിരികൊളുത്തിയത്. പഞ്ചാബ് ഓപ്പണർമാരായ പ്രിയനീഷ് ആര്യയും (13 പന്തിൽ 36), പ്രഭുസിമ്രാൻ സിംങും (33 പന്തിൽ 42) ചേർന്ന് വെടിക്കെട്ട് തുടക്കമാണ് പഞ്ചാബിന് നൽകിയത്. നാല് ഓവർ പൂർത്തിയായപ്പോൾ 66 ന് ഒന്ന് എന്ന നിലയിലായിരുന്നു പഞ്ചാബ്. നാലു സിക്സും രണ്ട് ഫോറും അടിച്ച് ടോപ്പ് ഗിയറിൽ പറന്ന പ്രിയനിഷിനെയാണ് പഞ്ചാബിന് നഷ്ടമായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആര്യ പോയിട്ടും അടി നിർത്താതിരുന്ന പ്രഭുസിമ്രാനെ 91 ലാണ് പഞ്ചാബിന് നഷ്ടമാകുന്നത്. എന്നാൽ, ക്രീസിൽ ഒരു വശത്ത് നിലയുറപ്പിച്ച് ആക്രമിച്ചു കളിച്ച ശ്രേയസ് അയ്യർ 36 പന്തിൽ 82 റണ്ണുമായി അഴിഞ്ഞാടുകയായിരുന്നു. ആറു വീതം സിക്സും ഫോറും പറത്തിയ അയ്യർ ആറാമനായി പുറത്താകുമ്പോൾ ടീം 200 കഴിഞ്ഞിരുന്നു. നേഹാൽ വദ്ര (27)യും, അവസാന ഓവറിൽ ഷമിയെ കടന്നാക്രമിച്ച് 11 പന്തിൽ നിന്നും 34 റൺ നേടിയ സ്റ്റോണിസും ചേർന്നാണ് 245 എന്ന വെടിക്കെട്ട് സ്കോറിൽ ടീമിനെ എത്തിച്ചത്. മാക്സ്വെല്ലും (3), ശശാങ്ക് സിംങും (2) നിരാശപ്പെടുത്തി. ഹർഷൽ പട്ടേൽ നാലു വിക്കറ്രും, ഈശാൻ മലിംഗ രണ്ടു വിക്കറ്റും വീഴ്ത്തി. നാല് ഓവറിൽ 75 റൺ വഴങ്ങിയ മുഹമ്മദ് ഷമിയുടെ മുഖം ഇന്ത്യൻ ആരാധകർക്ക് നിരാശയായി.
പത്ത് റണ്ണിന് മുകളിൽ തങ്ങളുടെ ബൗളർമാരെ തല്ലിച്ചതച്ചതിന്റെ കലിപ്പുമായാണ് എസ്.ആർ.എച്ച് ഓപ്പണർമാർ കളത്തിലിറങ്ങിയത്. രണ്ടു പേരും ചേർന്ന് നടത്തിയ അഴിഞ്ഞാട്ടം ടീം സ്കോർ 171 ൽ എത്തിച്ച ശേഷമാണ് പിരിഞ്ഞത്. 12 ഓവറിൽ 171 എന്ന കിടിലം സ്കോർ എത്തിച്ച ശേഷം ഹെഡ് വീണു. എന്നിട്ടും അടി നിർത്താതിരുന്ന അഭിഷേക് 222 ൽ ടീം സ്കോർ എത്തിച്ച് ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയർന്ന സ്കോർ കൂടി നേടിയ ശേഷമാണ് പിരിഞ്ഞത്. പുറത്താകാതെ നിന്ന ക്ലാസനും (21) , ഇഷാൻ കിഷനും ചേർന്ന് (9) വിജയം കൈഎത്തിച്ചു പിടിച്ചു. ചഹലും, ആർഷദീപും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.