കൊട്ടാരക്കര: മുൻചക്രമില്ലാതെ ദേശീയപാതയിലൂടെ തീപ്പൊരി ചിതറിച്ച് പായുന്ന കറുത്ത കാർ. മുന്നില്‍ കണ്ടതിനെയെല്ലാം തട്ടിത്തെറിപ്പിച്ചു പായുന്ന കാറിനു പിന്നാലെ നാട്ടുകാരും പോലീസും. കുറുകേയിട്ടു തടയാൻ ശ്രമിച്ച മറ്റൊരു കാറിനെ ഇടിച്ചുതെറിപ്പിച്ച് ആംബുലൻസിനേക്കാള്‍ വേഗത്തില്‍ പാഞ്ഞ കാർ റോഡിന്റെ മറുവശം കടന്ന് മണ്‍തിട്ടയിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്. ബുധനാഴ്ച രാത്രി ദേശീയപാതയില്‍ പുനലൂർ ഇളമ്പല്‍മുതല്‍ കൊട്ടാരക്കര കിള്ളൂർവരെ പതിനഞ്ച് കിലോമീറ്ററില്‍ നാട്ടുകാർ കണ്ട കാഴ്ചയാണിത്. ദൃക്സാക്ഷികള്‍ക്ക് ബോളിവുഡ് സിനിമ നേരില്‍ക്കണ്ട മാതിരി നിന്നു. ഇടിച്ചുനിന്ന കാറില്‍നിന്നു നായകൻ പുറത്തിറങ്ങിയില്ല. ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേർന്ന്, ഗ്ലാസ് തകർത്ത് ഡ്രൈവറെ പുറത്തിറക്കി. ഒന്നും സംഭവിച്ചിട്ടില്ലെന്ന രീതിയില്‍ പുറത്തിറങ്ങിയ ഇളമ്പള്ളൂർ ചരുവിള പുത്തൻവീട്ടില്‍ സാംകുട്ടി(60)യെ പോലീസ് കൈയോടെ താലൂക്ക് ആശുപത്രിയിലെത്തിച്ചു പരിശോധിച്ചു. മുഖത്ത് പരിക്കേറ്റിരുന്നു. മദ്യപിച്ച് അപകടകരമായി വാഹനമോടിച്ചതിന് സാംകുട്ടിയുടെ പേരില്‍ കേസെടുത്തു.
കാറിനു മുന്നില്‍നിന്ന് പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. രാത്രി ഒൻപതിന് ഇളമ്പലില്‍നിന്നു യാത്രതിരിച്ച കാറിന്റെ മുൻ ടയർ വിളക്കുടിയില്‍ എത്തിയപ്പോഴേക്കും പഞ്ചറായി. ലഹരിമൂത്ത ഡ്രൈവിങ്ങില്‍ സാംകുട്ടി ഇതറിഞ്ഞില്ല. നിർത്താതെ പാഞ്ഞ കാറില്‍നിന്നു പഞ്ചറായ ചക്രം റോഡില്‍ ഉരഞ്ഞുകീറുകയും ഊരിത്തെറിക്കുകയും ചെയ്തു. എന്നിട്ടും വേഗം കുറഞ്ഞില്ല. ചക്രമില്ലാതായതോടെ ചെയ്സിന്റെ റിമ്മ് ഭാഗം റോഡിലുരഞ്ഞ് തീപ്പൊരി ചിതറിച്ചായി പിന്നീടുള്ള യാത്ര. കുന്നിക്കോട്ട് സ്ത്രീയെയും കുട്ടിയെയും തട്ടിയിട്ടു. ഒട്ടേറെ വാഹനങ്ങളില്‍ തട്ടിയും തട്ടാതെയും കാർ പാഞ്ഞു. കുന്നിക്കോടുമുതല്‍ ആളുകള്‍ പല വാഹനങ്ങളില്‍ കാറിനു പിന്നാലെകൂടി. കൊട്ടാരക്കര നഗരത്തിലൂടെ തീ ചിതറിച്ചു പാഞ്ഞ കാർ റെയില്‍വെ സ്റ്റേഷൻ മേല്‍പ്പാലത്തില്‍ എത്തിയപ്പോള്‍ പിന്നിലുണ്ടായിരുന്നവർ മറ്റൊരു കാർ കുറുകേ നിർത്തി തടയാൻനോക്കി. ഒരു കൂസലുമില്ലാതെ ആ കാറിനെയും ഇടിച്ചുതെറിപ്പിച്ച് തീപ്പൊരി ഡ്രൈവിങ് തുടർന്നു. ഏതുനിമിഷവും ദുരന്തമാകാവുന്ന യാത്ര തടയാൻ പോലീസും പിന്നാലെ പാഞ്ഞു. കിള്ളൂർ വളവില്‍ വലതുഭാഗം കടന്ന് മതിലിലേക്ക് ഇടിച്ചുകയറിയപ്പോഴാണ് നിന്നത്.